vld-1

വെള്ളറട: മുള്ളിലവുവിളയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടി തുടങ്ങി. വർഷങ്ങളായി റോഡിൽ വെള്ളംകെട്ടുന്നതുകാരണം റോഡിൽ വൻ കുഴികളാണ്. ഇതുകാരണം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. റോഡ് നിർമ്മിച്ചപ്പോൾ പണികഴിപ്പിച്ച ഓട സ്വകാര്യ വ്യക്തി അടച്ചതോടുകൂടിയാണ് വെള്ളം കെട്ടാൻ തുടങ്ങിയത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇപ്പോൾ പണി തുടങ്ങിയത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് ഉയർത്തി ഓട നിർമ്മിച്ച് വെള്ളകെട്ട് പരിഹരിക്കാനാണ് തീരുമാനം. സമീപത്തെ പുരയിടത്തിൽ എവിടെ എങ്കിലും വെള്ളം ഒഴുക്കിവിട്ടാലെ ശാശ്വതപരിഹാരം കാണാൻ കഴിയുകയുള്ളു.