തിരുവനന്തപുരം: നോട്ടുകൾ അച്ചടിക്കാനുള്ള പേപ്പർ വാങ്ങുന്നതിലെ വീഴ്ചമൂലം കേരള സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിദ്യാർത്ഥികളുടെ ബിരുദ, ബിരുദാനന്തര പരീക്ഷകൾ മാറ്റി.
പേപ്പർ ഇല്ലാത്തതിനാൽ മൂന്ന്, നാല് സെമസ്റ്ററുകളുടെ നോട്ട് അച്ചടിച്ച് നൽകിയില്ല.
കോണ്ടാക്ട് ക്ലാസെടുക്കാനും സർവകലാശാല മറന്നുപോയി. സെപ്തംബറിലെ പരീക്ഷയ്ക്ക് വിജ്ഞാപനമിറക്കുകയും സൂപ്പർഫൈനടക്കം ഫീസ് സ്വീകരിക്കുകയും ചെയ്തശേഷമാണ് ക്ലാസും നോട്ടും നൽകിയില്ലെന്ന് സർവകലാശാല ഓർത്തത്. സ്റ്റഡി മെറ്റീരിയലുകളുടെ പ്രിന്റിംഗിലും വിതരണത്തിലുമുള്ള വൈകൽ കാരണം പരീക്ഷകൾ കൂട്ടത്തോടെ നീട്ടി. നോട്ടുകൾ അച്ചടിക്കാനുള്ള പേപ്പർ ഇതുവരെ കിട്ടാത്തതിനാൽ ഇക്കൊല്ലം പരീക്ഷ നടക്കുമോയെന്ന് ഉറപ്പുമില്ല.
ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ നോട്ടുകൾ അച്ചടിക്കാനുള്ള പേപ്പർ വാങ്ങുന്നതിലെ വീഴ്ചയാണ് 8000ത്തോളം വിദ്യാർത്ഥികളുടെ പരീക്ഷ വിദൂരത്താക്കിയത്. നഗരത്തിലെ പ്രമുഖ സ്വകാര്യ പേപ്പർവിതരണ കമ്പനിയിൽ നിന്നായിരുന്നു നേരത്തേ സർവകലാശാലയുടെ പേപ്പർ പർച്ചേസ്. പ്രതിവർഷം രണ്ടുകോടി രൂപ വരെയായിരുന്നു ഉത്തരക്കടലാസുകളടക്കം വാങ്ങാൻ ചെലവിട്ടത്. ഡോ. പി.കെ. രാധാകൃഷ്‌ണൻ വൈസ് ചാൻസലറായിരുന്നപ്പോൾ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ ടെൻഡറിൽ പങ്കെടുപ്പിച്ചു. 75 ലക്ഷത്തിന്റെ ടെൻഡർ കഴിഞ്ഞപ്പോൾ സർവകലാശാലയ്ക്ക് 15 ലക്ഷം രൂപ ലാഭമുണ്ടായി. ഈ തുക കമ്മിഷനായി ചിലരുടെ കീശയിലെത്തുകയായിരുന്നു പതിവ്. പിന്നീട് ഇ-ടെൻഡറിലൂടെയുള്ള സർക്കാരിന്റെ സെൻട്രൽ പർച്ചേസ് വഴി മാത്രം പേപ്പർ വാങ്ങിയാൽ മതിയെന്ന് സർവകലാശാല തീരുമാനിച്ചു. 2018ലെ പരീക്ഷകൾക്കുശേഷം പേപ്പറിന് ഓർഡർ ചെയ്യാതെ, ഒരു കോടിയോളം രൂപയുടെ പേപ്പറിന് ഇപ്പോൾ ഒറ്റയടിക്ക് ഓർഡർ നൽകിയതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഇത്രയും പേപ്പർ നൽകാൻ മൂന്നുമാസത്തെ സാവകാശമാണ് സ്റ്റേഷനറി വകുപ്പ് ആവശ്യപ്പെട്ടത്.
എല്ലാ സർവകലാശാലകളുടെയും വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങൾ നിറുത്തലാക്കി, അവയെ പുതുതായി വരുന്ന സംസ്ഥാന ഓപ്പൺ സർവകലാശാലയിൽ ലയിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനാൽ കേരളയിലെ വിദൂരപഠനത്തിന് ഡിമാൻഡ് കൂടുതലാണ്. സയൻസ് ഒഴികെ 13 വീതം ബിരുദ, ബിരുദാനന്തര കോഴ്സുകളും എം.ബി.എയുമുണ്ട്. രണ്ടുവീതം സെമസ്റ്ററുകളുടെ പരീക്ഷ ഒരുമിച്ച് നടത്തുകയാണ് പതിവ്. ചില വിഷയങ്ങളുടെ നോട്ടുകൾ സി.ഡിയിലാക്കിയോ ഇന്റർനെറ്റിലൂടെയോ വിദ്യാർത്ഥികൾക്ക് നൽകാൻ ശ്രമിച്ചെങ്കിലും അച്ചടിച്ച നോട്ടുകൾ തന്നെ നൽകണമെന്ന പ്രോസ്പെക്ടസ് വ്യവസ്ഥ തടസമായി. പേപ്പർ ലഭിക്കാത്തതാണ് കാലതാമസമുണ്ടാക്കിയതെന്ന് വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിള്ള പറഞ്ഞു.
''പ്രത്യേക പേപ്പറിൽ സർവകലാശാലാ പ്രസിൽ മാത്രമേ നോട്ടുകൾ അച്ചടിക്കാനാവൂ. വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ നോട്ടുകൾ നൽകാൻ ശ്രമിക്കുന്നു. പേപ്പർ കിട്ടിയാൽ ഒരുമാസത്തിനകം അച്ചടി പൂർത്തിയാക്കും.''
ഡോ. പി.പി. അജയകുമാർ
പ്രോ വൈസ് ചാൻസലർ
നാൾവഴികൾ
ആഗസ്റ്റ് 3
മൂന്ന്, നാല് സെമസ്റ്ററുകൾക്കുള്ള പരീക്ഷാ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
ആഗസ്റ്റ് 13
ഫൈനില്ലാതെ ഫീസടയ്ക്കാനുള്ള അവസാനതീയതി
ആഗസ്റ്റ് 17
150 രൂപ ഫൈനോടെ ഫീസടയ്ക്കാം
ആഗസ്റ്റ് 20
400 രൂപ സൂപ്പർഫൈനോടെ ഫീസടയ്ക്കാം
സെപ്തംബർ 18
പരീക്ഷകൾ ആരംഭിക്കേണ്ടിയിരുന്ന തീയതി