തിരുവനന്തപുരം: നവോത്ഥാന നായകനായ അയ്യങ്കാളിയുടെ പേരിൽ പുനർനാമകരണം ചെയ്‌ത വി.ജെ.ടി ഹാളിന് മുന്നിൽ ഒടുവിൽ അയ്യങ്കാളിയുടെ പേരെഴുതിയ ബോർഡ് സ്ഥാപിച്ചു. ഹാളിന്റെ പ്രധാന ഗേറ്റിന് മുകളിലെ കമാനത്തിലാണ് അയ്യങ്കാളി ഹാൾ എന്ന് ഇംഗ്ളീഷിൽ രേഖപ്പെടുത്തിയത്. പുനർനാമകരണം നടത്തിയിട്ടും ബോർഡിൽ വി.ജെ.ടി ഹാൾ എന്ന പഴയപേര് നിലനിറുത്തിയതിനെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്നാണ് അയ്യങ്കാളിയുടെ പേര് പ്രദർശിപ്പിച്ചുകൊണ്ടുള്ള ബോർഡ് സ്ഥാപിക്കാൻ അടിയന്തര നടപടിയായത്. അയ്യങ്കാളിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 28ന് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിക്ടോറിയ ഗോൾഡൻ ജൂബിലി മെമ്മോറിയൽ ഹാളിനെ ' അയ്യങ്കാളി ഹാൾ' എന്ന് പുനർനാമകരണം ചെയ്‌തത്. മന്ത്രിസഭാ യോഗത്തിൽ ഈ തീരുമാനം അംഗീകരിക്കുകയും ചെയ്‌തു. ഓണം വാരാഘോഷ പരിപാടികളുടെ നോട്ടീസിൽ ഹാളിന്റെ പേര് അയ്യങ്കാളി ഹാൾ എന്നാക്കിയെങ്കിലും ഹാളിലെത്തിയാൽ അയ്യങ്കാളിയുടെ പേരില്ലാത്ത സ്ഥിതിയായി. ഇത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഉദ്യോഗസ്ഥ തലത്തിലെ ഇടപെടലുകളുടെ കുറവാണ് ബോർഡ് സ്ഥാപിക്കാൻ വൈകിയതെന്ന് ആരോപണമുയർന്നിരുന്നു. സർക്കാർ തീരുമാനിച്ചശേഷം രണ്ടു മാസത്തോളമാകുമ്പോഴാണ് ഹാളിന് മുന്നിൽ അയ്യങ്കാളിയുടെ പേര് സ്ഥാപിച്ചത്.