തിരുവനന്തപുരം: ജനവിരുദ്ധ ബാങ്കിംഗ് -ലയന നയങ്ങൾ പിൻവലിക്കുക, കോർപറേറ്റ് കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക, ബാങ്ക് സേവന നിരക്കുകൾ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആൾ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ, ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ എന്നീ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയിലും പൂർണം. പണിമുടക്കിയ ജീവനക്കാർ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് എസ്.ബി.ഐയുടെ ട്രഷറി ശാഖ വരെ പ്രതിഷേധ മാർച്ച് നടത്തി. സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.കെ.ബി.ഇ.എഫ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എസ്.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാപ്രസിഡന്റ് വി.ആർ.പ്രതാപൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, എ.ഐ.ബി.ഇ.എ ജോയിന്റ് സെക്രട്ടറി കെ.എസ്.കൃഷ്ണ, ബി.ഇ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി.വി.ജോസ് തുടങ്ങിയവർ സംസാരിച്ചു. എ.കെ.ബി.ഇ.എഫ് ജില്ലാചെയർമാൻ ടി.നന്ദകുമാർ സ്വാഗതവും ബെഫി ജില്ലാസെക്രട്ടറി ദിലീപ് നന്ദിയും പറഞ്ഞു.