കഴക്കൂട്ടം: കഠിനംകുളം മര്യനാട് തീരത്ത് കൂറ്റൻ മത്സ്യ ബന്ധന ട്രോളിംഗ് ബോട്ട് മണ്ണിൽ പുതഞ്ഞു. കന്യാകുമാരി ജില്ലയിലെ കുളച്ചൽ വാണിയക്കുടി സ്വദേശി വ്യാകപ്പൂവിന്റെ രക്ഷകനെന്ന ബോട്ടാണ് ഇന്നലെ വെളുപ്പിന് മര്യനാട് തീരത്തെ മണ്ണിൽ പുതഞ്ഞത്. മത്സ്യം കൊല്ലം നീണ്ടകരയിൽ വിറ്റ ശേഷം 12 അംഗം മത്സ്യത്തൊഴിലാളികൾ കുളച്ചലിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ബോട്ട് കടലിൽ ഇറക്കാൻ രാവിലെ മുതൽ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. ഇന്നലെ വൈകിട്ടോടെ കുളച്ചിലിൽ നിന്ന് മൂന്ന് ബോട്ടുകളെത്തിച്ച് വടംകെട്ടി കടലിലിറക്കാനുള്ള ശ്രമവും വിജയിച്ചില്ല. ബോട്ടിന്റെ പ്രൊപെല്ലർ മണലിൽ പുതഞ്ഞ അവസ്ഥയിലാണ്. പ്രൊഫെല്ലർ മുറിച്ചുമാറ്റി ബോട്ട് തിരിച്ചിറക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം. മര്യനാട്, തുമ്പ, സെന്റ് ആൻഡ്രൂസ് തീരങ്ങളിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഫിഷറീസ് വകുപ്പിനെ വിവരം അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ശക്തമായ കാറ്റിൽപ്പെട്ട് ബോട്ട് കരയ്‌ക്ക് അടിഞ്ഞതാകാമെന്ന് പൊലീസ് വ്യക്തമാക്കി.