kt-jaleel

തിരുവനന്തപുരം: മാർക്ക്ദാന വിവാദത്തിലെ പ്രതിഷേധത്തിന്റെ ഭാഗമായി കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി കെ.ടി.ജലീലിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചു. ഔദ്യോഗിക വസതിയിൽ നിന്നു സെക്രട്ടേറിയറ്റിലേക്ക് പോകവെ പാളയം എൽ.എം.എസ് ജംഗ്ഷനിൽ വച്ചായിരുന്നു പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് മുൻപിലുള്ള പൈലറ്റ് വാഹനം കടന്നു പോയതിന് പിന്നാലെ കരിങ്കൊടികളുമായി പ്രവർത്തകർ പാഞ്ഞെത്തി. പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് മുന്നിൽ എത്തിയതിനെ തുടർന്നു വണ്ടി ബ്രേക്കിട്ട് നിർത്തി. ഇതിനിടയിൽ പൊലീസ് പാഞ്ഞെത്തി പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ ആർ.ഒ.അരുൺ, രജിത്ത് ലാൽ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി നബീൽ കല്ലമ്പലം എന്നിവരാണ് പ്രതിഷേധിച്ചത്. അറസ്റ്റ് ചെയ്തവരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.