തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം വച്ചുള്ള കണക്കുകൂട്ടലുകളിൽ മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത് വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങൾ. നഗരസ്വഭാവം ഉള്ളതുകൊണ്ടുതന്നെ ശക്തമായ രാഷ്ട്രീയ മണ്ഡലങ്ങളായി കണക്കാക്കാനാവാത്ത എറണാകുളത്തും വട്ടിയൂർക്കാവിലും പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവ് വലിയ ചർച്ചാവിഷയമായിട്ടുണ്ട്. എങ്കിലും യു.ഡി.എഫിന്റെ ഉറച്ച കോട്ടയെന്ന് വിലയിരുത്തപ്പെടുന്ന എറണാകുളം ഇളകില്ലെന്നു തന്നെ മുന്നണിവൃത്തങ്ങൾ കരുതുന്നു.
ഒന്നര വർഷത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സൽ ആയ ഉപതിരഞ്ഞെടുപ്പിന്റെ ഫലം മൂന്ന് മുന്നണികൾക്കും നിർണായകമാണ്. മഴയിൽ പോളിംഗ് കുറഞ്ഞെങ്കിലും മികച്ച നേട്ടമാണ് മൂവരും അവകാശപ്പെടുന്നത്. രാഷ്ട്രീയത്തേക്കാൾ സാമുദായിക സമവാക്യങ്ങൾ ചർച്ചയായ ഉപതിരഞ്ഞെടുപ്പിൽ അടിയൊഴുക്കുകൾ പ്രവചിക്കാനാവാത്ത നില മുന്നണികളെ അലട്ടുന്നു.
അഞ്ചിൽ അരൂർ ഒഴികെ നാല് സിറ്റിംഗ് സീറ്റും എന്തു വിലകൊടുത്തും യു.ഡി.എഫിന് നിലനിറുത്തണം. മഞ്ചേശ്വരത്തും എറണാകുളത്തും അന്തിമ കണക്കെടുപ്പിൽ അവർക്ക് ശുഭപ്രതീക്ഷയാണ്. വട്ടിയൂർക്കാവും കോന്നിയും വിജയിക്കുമെന്ന് ഉറപ്പിച്ച് പറയുമ്പോഴും ഉള്ളിൽ നേരിയ ആശങ്കയുണ്ട്. വട്ടിയൂർക്കാവിൽ അയ്യായിരത്തിന്റെയും കോന്നിയിൽ രണ്ടായിരത്തിന്റെയും ലീഡാണ് മണ്ഡലം കമ്മിറ്റികൾ കെ.പി.സി.സിക്ക് കൈമാറിയ റിപ്പോർട്ടിലെങ്കിലും അത് അതേപടി ഉൾക്കൊള്ളാൻ നേതൃത്വം തയ്യാറായിട്ടില്ല. കോന്നിയിൽ അടൂർ പ്രകാശ് പുറമേക്ക് സഹകരിച്ചെങ്കിലും അദ്ദേഹത്തിന്റെ ശരീരഭാഷ അത്ര നന്നായിരുന്നില്ലെന്ന തോന്നലുമുണ്ട്.
ഇടതു മുന്നണിയും അവകാശപ്പെടുന്നത് ഇതു തന്നെ. സിറ്റിംഗ് സീറ്റായ അരൂർ നിലനിറുത്തുന്നതിനൊപ്പം വട്ടിയൂർക്കാവും കോന്നിയും ഉറപ്പായും പോരുമെന്നും, എറണാകുളത്തും മഞ്ചേശ്വരത്തും സാദ്ധ്യത തള്ളുന്നില്ലെന്നുമാണ് അവർ പറയുന്നത്. എറണാകുളത്തെ വെള്ളപ്പൊക്കം വോട്ടെടുപ്പ് ദിവസം സൃഷ്ടിച്ച അസ്വസ്ഥതകൾ അവിടെ പ്രതിഫലിച്ചിട്ടുണ്ടാകുമെന്ന് അവർ കരുതുന്നു.
സംഘടനാപരമായ പോരായ്മകൾ പ്രചാരണത്തിലുടനീളം നിഴലിച്ചെന്ന് ഉള്ളാലെ സമ്മതിക്കുമ്പോഴും ബി.ജെ.പിയും മികച്ച നേട്ടമെന്ന പ്രതീക്ഷ വച്ചുപുലർത്തുന്നു. കഴിഞ്ഞതവണ രണ്ടാമതെത്തിയ മഞ്ചേശ്വരത്തിനും വട്ടിയൂർക്കാവിനും പുറമേ കോന്നി അപ്രതീക്ഷിതമായി കൈവരുമെന്ന അവകാശവാദമാണ് അവരുടേത്. കോന്നിയിൽ ഓർത്തഡോക്സ് സഭയിൽ നിന്നുണ്ടായ പിന്തുണ വോട്ടിംഗിൽ എത്രത്തോളം പ്രതിഫലിച്ചിട്ടുണ്ടെന്നാണ് അവരും ഉറ്റുനോക്കുന്നത്. അത് പ്രതീക്ഷിച്ച അളവിലെത്തിയാൽ അട്ടിമറി തന്നെയാണ് കണക്കുകൂട്ടലിൽ. അതേസമയം, സൂക്ഷ്മവിശകലനത്തിൽ മഞ്ചേശ്വരമൊഴികെ നാലിടത്തും ശുഭസൂചനകളല്ല അവർ കാണുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീടു വന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും കനത്ത അടിയേറ്റ യു.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ. എന്നാൽ, 54 വർഷം കുത്തകയായിരുന്ന പാലാ അട്ടിമറിക്കപ്പെട്ടത് അവരെ ഞെട്ടിച്ചു. അതിന്റെ ആഘാതം മറികടക്കാനും വരാനുള്ള തിരഞ്ഞെടുപ്പിന് ആത്മവിശ്വാസമുയർത്താനും ഇപ്പോൾ നേട്ടം അനിവാര്യം. ലോക്‌സഭയിലേറ്റ തിരിച്ചടിക്ക് പാലാ വഴി ആശ്വാസം നേടിയ ഇടതുമുന്നണിക്ക് അത് നിലനിറുത്താനും മികച്ച വിജയം അനിവാര്യമാണ്.
കഴിഞ്ഞതവണത്തേതിലും പിന്നാക്കം പോയാൽ, ഡിസംബറിൽ സംഘടനാതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബി.ജെ.പി നേതൃത്വത്തിന് പിടിച്ചുനിൽക്കാൻ പാടുപെടേണ്ടിവരും.