slug

നെടുമങ്ങാട് : മരണവീട്ടിൽ ചടങ്ങിനെത്തിയ എസ്.എൻ.ഡി.പി യോഗം ഇരുമ്പ ശാഖാ സെക്രട്ടറിയും കോൺഗ്രസ് അരുവിക്കര മണ്ഡലം സെക്രട്ടറിയുമായ കെ.രാജീവനെ റോഡിൽ തടഞ്ഞു മർദിച്ചതായി പരാതി.മുഖത്തും നെഞ്ചിലും മുതുകിലും സാരമായി പരിക്കേറ്റ രാജീവിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പാണ്ടിയോട് സ്‌കൂളിനടുത്ത് തോട്ടം ഭാഗത്തുവച്ചാണ് ആക്രമണം.ഇവിടെ ഒരു മരണ വീട്ടിൽ ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കാൻ ബൈക്കിൽ വരവെ,ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സുമേഷ് റോഡിനു കുറുകെ ബൈക്ക് നിറുത്തി തടയുകയായിരുന്നു. ഒഴിഞ്ഞു മുന്നോട്ടുപോയപ്പോൾ പിന്നാലെ എത്തി ബൈക്കിടിച്ചു വീഴ്ത്തി.റോഡിലിട്ട് ചവിട്ടിയ ശേഷം ആറ്റിൽ എറിയാനും ശ്രമിച്ചു. മരണ വീട്ടിലേക്കുവന്ന ആളുകൾ ഓടിക്കൂടിയതോടെ സുമേഷ് രക്ഷപ്പെട്ടുവെന്ന് രാജീവ് അരുവിക്കര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചതയ ദിനത്തിൽ ഇരുമ്പ ജംഗ്‌ഷനിൽ കൊടി കെട്ടുന്നതിനെയും സുമേഷ് എതിർത്തിരുന്നതായി പരാതിയിലുണ്ട്. ശാഖാ ഹാൾ വാടക വാങ്ങാതെ സുമേഷിനും കൂട്ടുകാർക്കും വിട്ടു കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ശാഖാ പ്രസിഡന്റ് ബിജുവും സെക്രട്ടറി രാജീവും പറഞ്ഞു. സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ ചെയർമാൻ എ.മോഹൻദാസും കൺവീനർ നെടുമങ്ങാട് രാജേഷും പ്രതിഷേധിച്ചു. അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. അക്രമം ഡി.വൈ.എഫ്.ഐ നേതാക്കളുടെ അറിവോടെയാണെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് അരുവിക്കര മണ്ഡലം പ്രസിഡന്റ് വെള്ളൂർക്കോണം അനിൽകുമാറും ആവശ്യപ്പെട്ടു.