ganaeshan-sarasu

കുഴിത്തുറ: മഴയും വെയിലുമേറ്റ് തെരുവിലാണ് വൃദ്ധ ദമ്പതികളുടെ ജീവിതം. കുട നന്നാക്കി കിട്ടുന്നത് കൊണ്ട് വിശപ്പുമാറ്റും. നെഞ്ചോട് ചേർത്തുപിടിച്ച പ്രിയതമ പ്രായാധിക്യത്തിന്റെ അവശതയിൽ കിടപ്പിലായപ്പോഴും ഗണേശൻ നിരാശനായില്ല. സന്നദ്ധ സംഘടനകൾ വന്നു വിളിച്ചപ്പോഴും ഇരുവരും വിസമ്മതിച്ചു. ഒരുനാൾ പ്രിയമക്കൾ തേടിവരുമെന്നും കൂട്ടിക്കൊണ്ടുപോകുമെന്നുമായിരുന്നു പ്രതീക്ഷ. പക്ഷേ... ആരും വന്നില്ല. ഒടുവിൽ രോഗം മൂർച്ഛിച്ച് കിടപ്പിലായതോടെ സരസുവിനെയും (65) കൂട്ടി ഗണേശൻ (70) വൃദ്ധഭവനത്തിന്റെ ചുമതലക്കാർക്കൊപ്പം യാത്ര തിരിച്ചു.

കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം ഫ്ലൈ ഓവറിന്റെ അടിവശത്താണ് കന്യാകുമാരി കോട്ടാർ സ്വദേശിയായ ഗണേശനും ഭാര്യ സരസുവും കഴിഞ്ഞിരുന്നത്. വർഷങ്ങൾക്ക് മുൻപ് നാഗർകോവിൽ റെയിൽവേ നിർമ്മാണത്തിനായി ഇവർ താമസിച്ചിരുന്ന സ്ഥലം ഏറ്റെടുത്തതോടെ രണ്ടു മക്കളടക്കമുള്ള കുടുംബത്തിന്റെ താമസം പുറമ്പോക്ക് ഭൂമിയിലായി. 7 വർഷങ്ങൾക്ക് മുൻപ് മകൾ ലക്ഷ്മി എറണാകുളം സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ച് അങ്ങോട്ട് പോയി. മകൻ സത്യരാജ് കേരള സ്വദേശിയായ യുവതിയെ വിവാഹം ചെയ്ത് മറ്റൊരിടത്ത് താമസമായി. ഇതോടെ ഇവരുടെ ജീവിതം പ്രതിസന്ധിയിലായി. തുടർന്ന് ഇവർ കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ പലഭാഗങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങി കുട നന്നാക്കി തുടങ്ങി. തുച്ഛമായ വരുമാനത്തിൽ നിന്ന് ആഹാരം കഴിച്ച് തെരുവോരങ്ങളിൽ അന്തിയുറങ്ങി. ഇതിനിടെ സരസുവിന് രോഗം ബാധിച്ചതോടെ ഇരുവരും കുഴിത്തുറ ഗവ. ആശുപത്രിയുടെ മുന്നിലെ ഫ്ലൈഓവറിന്റെ അടിവശത്ത് താമസമാക്കി.

ഇത് 'കേരളകൗമുദി" വാർത്തയാക്കി. ഇത് കണ്ട് എത്തിയ സാമൂഹ്യപ്രവർത്തകർ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കാമെന്നും വൃദ്ധസദനത്തിൽ ഏർപ്പാട് ചെയ്യാമെന്നും വാഗ്ദാനം ചെയ്തെങ്കിലും ഇരുവരും നിരസിച്ചു. കൂട്ടിക്കൊണ്ടുപോകാൻ മക്കൾ വരുമെന്നും മരിക്കുന്നതിനു മുൻപ് മക്കളെ ഒന്ന് കാണണമെന്നുമായിരുന്നു മറുപടി. എന്നാൽ രോഗം ബാധിച്ച് എണീക്കാൻ പോലും കഴിയാതെ കിടന്ന ഇവരെ ഇന്നലെ വൈകിട്ട് അഴുകിയമണ്ഡപം പ്ലാങ്ങാല റോഡിന് സമീപമുള്ള 'പുനിത സൂസൈപ്പർ" വൃദ്ധഭവനം ജീവനക്കാരെത്തി ഏറ്റെടുത്തു. ഇവരുടെ മക്കളെ കണ്ടു പിടിക്കാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.