trafic-fine
trafic fine

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറയ്ക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും.

കേന്ദ്ര നിയമം അനുസരിച്ച് പിഴ ചുമത്തുന്നതിനെതിരെ ജനരോഷം ഉണ്ടായതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ഉയർന്ന പിഴ ഈടാക്കുന്ന നടപടികൾ മരവിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ എത്രത്തോളം പിഴ ഈടാക്കാമെന്ന കാര്യം ഇന്നത്തെ മന്ത്രിസഭ പരിഗണിക്കും.

ഇതു സംബന്ധിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണർ സമർപ്പിച്ച കരട് നിർദ്ദേശങ്ങളിൽ നിയമവകുപ്പ് സെക്രട്ടറിയെടുക്കുന്ന അന്തിമ റിപ്പോർട്ടായിരിക്കും സർക്കാർ പരിഗണിക്കുക.

കേന്ദ്രഭേദഗതിയിൽ സംസ്ഥാനത്തിന് പിഴ നിശ്ചയിക്കാൻ അധികാരമുള്ള ഏഴു നിയമലംഘനങ്ങൾക്ക് പുറമേ പരാതി ഉയർന്ന മറ്റിനങ്ങളിൽ കൂടി നിരക്ക് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ കരട് നിർദ്ദേശം നൽകിയത്.

 നിരക്ക് കുറയ്ക്കുമെന്ന് ഉറപ്പുള്ള കുറ്റങ്ങൾ

1 പൊതു വിഭാഗത്തിൽ പെടുന്നവ (സെക്ഷൻ 177): നിയമത്തിൽ ഒരിടത്തും പറയാത്ത പിഴകൾ; വാഹനത്തിന്റെ പുക സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കുക, ഇൻഡിക്കേറ്റർ പ്രവർത്തിക്കാതിരിക്കുക ഉൾപ്പെടെയുള്ള നിയമ ലംഘനം കേന്ദ്ര നിയമത്തിൽ പറയുന്നത് 500 രൂപ വരെ. അതു പകുതിയാക്കും.

2 അധികൃതരുടെ ഉത്തരവ് പാലിക്കാതിരിക്കൽ 179 (1) – 2000 രൂപ വരെ- നൂറാക്കും.

3 അധികൃതർ ആവശ്യപ്പെടുന്ന വിവരങ്ങൾ സമയത്തു നൽകാതിരിക്കൽ 179 (2) 2000 രൂപ വരെ- 1000 രൂപയാക്കി കുറയ്ക്കും

4 ലൈസൻസ് ഇല്ലാതെ ബസിൽ കണ്ടക്ടർ ജോലി ചെയ്താൽ 10,000 രൂപ വരെ- നാലിലൊന്നായി കുറയ്ക്കും.

5 ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉയോഗിക്കുന്നത്. നിലവിൽ 1000 മുതൽ 5,000 രൂപ വരെ പിഴ . ഇതു മിനിമത്തിലും കുറയ്ക്കാൻ സാധിക്കുമോയെന്നു പരിശോധിക്കും

6 മാനസികമായും ശാരീരികമായും മോശം അവസ്ഥയിൽ വാഹനം ഓടിക്കുന്നത് (സെക്‌ഷൻ 186) 1000 രൂപ വരെ- പകുതിയാക്കും.

7 വായു–ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന വാഹനം ഉയോഗിച്ചാൽ 190 (2) 10,000 രൂപ വരെ പിഴ- പകുതിയാക്കും.