illegal-moderation

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ എക്സാമിനേഷൻ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത് വൈസ് ചാൻസലറായിരുന്ന ഡോ. കുഞ്ചെറിയ പി. ഐസക് അദ്ധ്യക്ഷനായ അക്കാഡമിക് കൗൺസിൽ യോഗമായിരുന്നെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു. പ്രോ വൈസ് ചാൻസലർ ചെയർമാനായും പരീക്ഷാ കൺട്രോളർ കൺവീനറായും അക്കാഡമിക്, റിസർച്ച് ഡീനുമാർ, രജിസ്ട്രാർ എന്നിവർ അംഗങ്ങളുമായ അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേകമായി രൂപീകരിച്ചതിനെത്തുടർന്ന് പരീക്ഷാ നടത്തിപ്പിലെയും ഫലപ്രഖ്യാപനത്തിലെയും കാലതാമസം സംബന്ധിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ വിദഗ്ദ്ധരും പരാതികളുന്നയിച്ചിരുന്നു. ഇതേത്തുടർന്ന് എക്സാമിനേഷൻ മാനേജ്മെന്റ് കമ്മിറ്റി ഫലപ്രദമായി പ്രവർത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ വൈസ് ചാൻസലറുടെ ചുമതല വഹിച്ചിരുന്ന ഉഷാ ടൈറ്റസിന് നിർദ്ദേശം നൽകിയിരുന്നു. മൂല്യനിർണയം നടത്തുന്ന അദ്ധ്യാപകരുടെ പ്രതിഫല കുടിശിക സംബന്ധിച്ച പരാതികൾ പരിശോധിക്കാനാണ് ഫിനാൻസ് ഓഫീസറെക്കൂടി ഉൾപ്പെടുത്തി ഇ.എം.സി വിപുലീകരിക്കാൻ നിർദ്ദേശിച്ചത്. സർവകലാശാലയുടെ സ്റ്റാറ്റ്യൂട്ട് നിലവിൽ വന്നിട്ടില്ലാത്തതിനാൽ മറ്റ് സർവകലാശാലകളിലേതുപോലെ പരീക്ഷാ സബ് കമ്മിറ്റി രൂപീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് പരീക്ഷകൾ ഉത്തരവാദിത്വത്തോടെയും ജാഗ്രതയോടെയും നടത്താൻ ഇ.എം.സി രൂപീകരിച്ചത്. ഈ കമ്മിറ്റിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ആദ്യ ബി.ടെക് ബാച്ചിന്റെ ഫലം റെക്കാഡ് വേഗത്തിൽ പ്രഖ്യാപിക്കാനായത്. അന്നുതന്നെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ നൽകാനുമായി.

സർവകലാശാലയുടെ സ്വയംഭരണ അധികാരത്തിൽ കൈകടത്താനോ പരീക്ഷാ കൺട്രോളറുടെ അധികാരം കവരാനോ ഉള്ള ശ്രമം ഈ നിർദ്ദേശത്തിന് പിന്നിലില്ലെന്നും മന്ത്രി അറിയിച്ചു.