crime

തിരുവനന്തപുരം: പേട്ട ആനയറയിൽ ആട്ടോ ഡ്രൈവർ വിപിന്റെ കൊലപാതകത്തിൽ രണ്ട് പേർക്കുകൂടി പങ്കുണ്ടെന്ന് സൂചന ലഭിച്ചതായി പൊലീസ്.കേസിൽ ഇപ്പോൾ കസ്റ്റഡിയിലുള്ള ആറ് പേർക്ക് പുറമേ മറ്റ് രണ്ട് പേർ കൂടി ഉൾപ്പെട്ടിട്ടുണ്ട്.ഇതിൽ ഒരാൾക്ക് വിപിനെ ആക്രമിക്കുന്നതിനിടയിൽ പരിക്ക് പറ്റിയിട്ടുണ്ട്.നഗരത്തിലെ ഒരാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്.വാഹനാപകടത്തിൽ പരിക്കുപറ്റിയെന്നാണ് ഇയാൾ ആശുപത്രിയിൽ അറിയിച്ചിരുന്നത്.ആക്രമണത്തിൽ തങ്ങളുടെ കൂടെയുണ്ടായിരുന്നയാൾ വെട്ടേറ്റ് ആശുപത്രിയിലുണ്ടെന്ന പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴിയിൽ നിന്നാണ് ഇയാളെപ്പറ്റി സൂചന ലഭിച്ചത്.ചാക്കയിൽ നിന്ന് വിപിന്റെ ആട്ടോ വിളിച്ചയാളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി തെരച്ചിൽ നടത്തുന്നുണ്ടെന്നും പേട്ട സി.ഐ കെ.ആ‍ർ.ബിജു പറഞ്ഞു.റിമാൻഡിലുള്ള പ്രതികളെ കസ്റ്രഡിയിൽ വിട്ടു കിട്ടാൻ നാളെ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കൊലപാതകം നടത്താനുപയോഗിച്ച ആയുധങ്ങൾ,പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ തുടങ്ങിയവ കണ്ടത്തേണ്ടതിന് പ്രതികളെ കസ്റ്റഡിയിൽ കിട്ടിയേ മതിയാകൂ.അഞ്ച് ദിവസത്തേക്കാകും കസ്റ്റഡി അപേക്ഷ.