തിരുവനന്തപുരം: വീട്ടുകാര്യവും വിശ്രമവും തിരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗങ്ങളിലുമായിരുന്നു വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥികൾ ഇന്നലെ. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് കോർപറേഷനിൽ മേയറുടെ ഓഫീസിലെത്തി. ഉച്ചയ്ക്ക് പന്ത്രണ്ടോടെ കോർപറേഷനിൽ എത്തിയ മേയർ വൈകിട്ട് ആറുവരെ ഓഫീസ് കാര്യങ്ങളിൽ മുഴുകി. പ്രചാരണത്തിരക്കിനിടെ ഓഫീസ് ജോലികളിൽ വേണ്ടത്ര ശ്രദ്ധ പുലർത്താനായില്ല. ആ കുറവ് നികത്താൻ ഇന്നലെ പരമാവധി സമയം ചെലവഴിച്ചു. രാവിലെ കഴക്കൂട്ടത്തും കാഞ്ഞിരംപാറയിലും മരണവീടുകൾ സന്ദർശിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാർ രാവിലെ കുടുംബസമേതം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി. മറ്റു ചില ക്ഷേത്രങ്ങൾ കൂടി സന്ദർശിച്ചശേഷം അസുഖബാധിതയായ അമ്മയെ കാണാൻ പോയി. തുടർന്ന് കാഞ്ഞിരംപാറയിൽ മരണവീട് സന്ദർശിച്ചു. ഉച്ചയ്ക്ക് ഡി.സി.സി ഓഫീസിലെത്തി നേതാക്കളുമായും തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവർത്തകരുമായും ചർച്ച നടത്തി.
പതിവുപോലെ വീടിനടുത്തുള്ള വെള്ളായണി ദേവീ ക്ഷേത്രസന്ദർശനത്തോടെയാണ് എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷ് ദിവസമാരംഭിച്ചത്. വാമനപുരത്ത് സേവാഭാരതി വച്ചുകൊടുക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മത്തിനാണ് പിന്നീട് പോയത്. സംസ്ഥാന കമ്മിറ്റി ഓഫീസിൽ പാർട്ടി അദ്ധ്യക്ഷനൊപ്പം മാദ്ധ്യമങ്ങളെയും കണ്ടു. വൈകിട്ട് പ്രവർത്തകരുമായി തിരഞ്ഞെടുപ്പ് വിശകലന യോഗത്തിലും പങ്കെടുത്തു.
വിജയം ഉറപ്പ്: മോഹൻകുമാർ
വട്ടിയൂർക്കാവിൽ വിജയം സുനിശ്ചിതമാണ്. നല്ല രീതിയിലുള്ള പ്രവർത്തനമാണ് പ്രവർത്തകർ കാഴ്ചവച്ചത്. ഇത് വോട്ടെടുപ്പിൽ ഗുണം ചെയ്തിട്ടുണ്ടാകുമെന്നാണ് മനസിലാക്കുന്നത്. കാലാവസ്ഥ പ്രതികൂലമായെങ്കിലും യു.ഡി.എഫ് വോട്ടുകൾ നഷ്ടമായിട്ടില്ല. 48,000 യു.ഡി.എഫ് വോട്ടുകൾ പോൾ ചെയ്തതായാണ് വിലയിരുത്തൽ. നിഷ്പക്ഷ വോട്ടുകളും യു.ഡി.എഫിന് ഗുണം ചെയ്യും.
കുറഞ്ഞ പോളിംഗിൽ ആശങ്കയില്ല; വിജയിക്കും: വി.കെ. പ്രശാന്ത്
ജയിക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. വ്യക്തിപരമായും ആത്മവിശ്വാസത്തിലാണ്. സി.പി.എമ്മിന് കിട്ടുന്ന എല്ലാ വോട്ടുകളും ഉറപ്പാക്കാനായിട്ടുണ്ടെന്ന് കണക്കുകൾ പരിശോധിച്ചതിൽനിന്ന് മനസിലായി. ചിട്ടയായ പ്രവർത്തനം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും എൽ.ഡി.എഫിന് മുന്നിലെത്താനായിട്ടുണ്ട്. കുറഞ്ഞ പോളിംഗിൽ ആശങ്കയില്ല.
നേരിയ വ്യത്യാസത്തിലായാലും ജയിക്കും: എസ്. സുരേഷ്
വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല. നേരിയ വ്യത്യാസത്തിലാണെങ്കിലും എൻ.ഡി.എ ജയിക്കും. പ്രചാരണത്തിന്റെ തുടക്കത്തിൽ തെറ്റായ പ്രചാരണം ഉണ്ടായെങ്കിലും വളരെപ്പെട്ടെന്ന് മറികടക്കാനായി. ശാസ്ത്രീയമായും ചിട്ടയായുമുള്ള പ്രവർത്തനമാണ് നടത്തിയത്. ഭവനസന്ദർശനത്തിലും പര്യടനത്തിലും മുമ്പിലെത്താനായി. വോട്ടിംഗ് ശതമാനം കുറഞ്ഞത് ബാധിക്കുമോ എന്നത് അന്തിമവിശകലനത്തിലേ പറയാനാകൂ.