f

വെഞ്ഞാറമൂട്: വീടിനു മുകളിലേക്ക് പാറക്കല്ലുകൾ വീണത് ഉരുൾപൊട്ടലെന്ന് സംശയിച്ച് ഡി.കെ. മുരളി എം.എൽ.എ.യും റവന്യൂ അധികൃതരും, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. വാമനപുരം ഈട്ടിമൂട് ജി.കെ. നിവാസിൽ കുഞ്ഞുമോന്റെ വിടിനു മുകളിലാണ് പാറകൾ വീണത്. തിങ്കളാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. ശക്തമായ മഴയിൽ മുകളിൽ നിന്നും ഒലിച്ചു വന്ന വെള്ളത്തോടൊപ്പം മണ്ണും, ഉരുളൻ പാറക്കല്ലുകളും വീടിനുമേൽ പതിക്കുകയായിരുന്നു. സംശയം തോന്നി ചൊവ്വാഴ്ച രാവിലെ വീടിനു മുകളിലെ കുന്നിൻ പ്രദേശത്ത് നടത്തിയ പരിശോധനയിൽ അവിടെയുള്ള പാറകളിൽ വിള്ളൽ കാണപ്പെടുകയും കൂടി ചെയ്തതോടെ നാട്ടുകാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് തഹസീൽദാർ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വരും ദിവസങ്ങളിൽ മഴ ശക്തമാകുന്ന പക്ഷം മണ്ണിടിച്ചിലിനും കൂടുതൽ പാറകൾ ഉരുണ്ട് വരാനും സാദ്ധ്യതയുണ്ടന്നും കണ്ടെത്തി. തുടർന്ന് കുടംബത്തിന്റെ സുരക്ഷ കണക്കിലെടത്ത് മറ്റൊരിടത്തേക്ക് മാറി താമസിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ സമീപത്തെ വസ്തു ഉടമ വീട് വയ്ക്കുന്നതിലേക്കായി മാനദണ്ഡങ്ങൾ ലംഘിച്ച് വൻതോതിൽ മണ്ണിടിക്കുകയും പാറ പൊട്ടിക്കുകയും ചെയ്ത നിർമ്മാണ പ്രവർത്തനങ്ങളാണ് ഇത്തരമൊരു സ്ഥിതിക്ക് വഴി വച്ചതെന്നും വിലയിരുത്തലുണ്ട്. ഈ സമയത്ത് തന്നെ കുടുംബം ബന്ധപ്പെട്ട അധികൃതർക്ക് പരാതികൾ നല്കിയിരുന്നുവെങ്കിലും അതെല്ലാം അവഗണിച്ചുവെന്ന ആക്ഷേപവും ഉയർന്നിരിക്കുകയാണ്.