വിഴിഞ്ഞം: കുടുംബവഴക്കിനെ തുടർന്ന് മരുമകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ വെണ്ണിയൂർ മാവുവിള വെട്ടിക്കുഴി മേലെ പുത്തൻ വീട്ടിൽ പ്രേമദാസിനെയാണ് (56) അറസ്റ്റ് ചെയ്തത്. തലയിലും കൈയിലും മുതുകിലും വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ മരുമകനായ വെങ്ങാനൂർ അണ്ടൂർവിളാകം വീട്ടിൽ വൈശാഖ് (30) മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ 16ന് രാത്രി പത്തോടെയാണ് സംഭവം: കുടുംബ പ്രശ്നങ്ങൾക്കിടെയുണ്ടായ വാക്കു തർക്കത്തെ തുടർന്ന് പ്രേംദാസ് വൈശാഖിനെ വെട്ടിപ്പരിക്കേൽപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. പിടിവലിക്കിടെ പ്രേംദാസിന്റെ ഇടത് കൈയിലും വെട്ടേറ്റു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.