നേമം: പുറമേ നിന്നുള്ള കരാറുകാർക്ക് പണി നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കല്ലിയൂർ പഞ്ചായത്ത് ഹാളിൽ കരാറുകാർ തമ്മിൽ വാക്കേറ്റത്തിനിടയാക്കി. തർക്കവും വാക്കേറ്റവും മൂർച്ഛിച്ചതോടെ ഹാളിലുണ്ടായിരുന്ന വാർഡ് അംഗങ്ങൾ ഇടപെട്ട് ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. ഇന്നലെ രാവിലെയാണ് കരാറുകാർ തമ്മിൽ തർക്കവും വാക്കേറ്റവും ഉണ്ടായത്. 2019-20 സാമ്പത്തിക വർഷത്തെ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് പഞ്ചായത്ത് പരിധിയിലെ നിർമ്മാണങ്ങൾ (റോഡുകൾ, കുളങ്ങൾ, ഓടകൾ, തോടുകൾ തുടങ്ങിയവ) നടത്തുന്നതിന് കരാർ നൽകുന്നതിനു വേണ്ടിയാണ് കരാറുകാരെ വിളിച്ചു വരുത്തിയത്. പഞ്ചായത്ത് പരിധിയിലുളളവരും പുറമേ നിന്നുളളവരുമായി 30 ഓളം കരാറുകാരാണ് എത്തിയത്. തുടർന്ന് പുറമേ നിന്നുളള കരാറുകാർക്ക് കരാർ നൽകുന്നതിനെതിരെ പ്രതിഷേധവും വാക്കേറ്റവും ഉണ്ടായി. സംഘർഷാവസ്ഥയോളം കാര്യങ്ങൾ എത്തിയതോടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ, പാപ്പാൻചാണി വാർഡ് അംഗം പാലപ്പൂര് ജയൻ എന്നിവർ ചേർന്ന് പ്രശ്നത്തിന് പരിഹാരമുണ്ടാക്കി. പുറമേ നിന്നുളള കരാറുകാർ അവർ ഏറ്റെടുക്കുന്ന പണി ചെയ്യട്ടെയെന്നും മറ്റുളളവർ അക്കാര്യത്തിൽ ഇടപെടേണ്ടെന്നുമായിരുന്നു അന്തിമ തീരുമാനം. ഇത് എല്ലാ കറാറുകാരും അംഗീകരിച്ചതോടെ പ്രശ്നത്തിന് പരിഹാരമായി.