vk-prasanth

പ്രശാന്തിന്റെ ജയങ്ങൾക്ക് എന്നും ചെറുപ്പമായിരുന്നു. ഇരുപത്തിനാലാം വയസ്സിൽ പഞ്ചായത്ത് അംഗം,​ മുപ്പത്തിനാലാം വയസ്സിൽ തിരുവനന്തപുരം മേയ‌ർ. പ്രായക്കണക്കു നോക്കിയാൽ നിയമസഭയിൽ പ്രശാന്ത് നേരത്തേ എത്തേണ്ടതായിരുന്നു! ഇപ്പോൾ,​ മുപ്പത്തിയെട്ടാം വയസ്സിൽ വട്ടിയൂർക്കാവിൽ നിന്ന് അട്ടിമറി ഭൂരിപക്ഷത്തോടെ നിയമസഭാംഗമാകുമ്പോൾ അതൊരു വെറും ജയമല്ല. അഞ്ചിടത്തേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും ഉത്കണ്ഠയുയ‌ർത്തിയ മണ്ഡലം. ബി.ജെ.പിക്കും പിന്നിൽ സി.പി.എം മൂന്നാം സ്ഥാനത്തേക്കു പിൻതള്ളപ്പെട്ട നഗരാതിർത്തിയിൽ ഈ ജയം പ്രശാന്തിനേക്കാൾ ഉശിരു പകരുക പാർട്ടിക്ക്!

പ്രളയകാലം പ്രശാന്തിനു സമ്മാനിച്ച വിളിപ്പേരായിരുന്നു മേയർ ബ്രോ. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലേക്ക് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട ദുരിതാശ്വാസ സാമഗ്രികൾ മേയർ എന്ന നിലയിൽ പ്രശാന്തിന്റെ ഉത്സാഹത്തിന്റെ ഫലമായിരുന്നു. കഴിഞ്ഞ നാലു വർഷം നഗരപിതാവായുള്ള പ്രശാന്തിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് ഇപ്പോഴത്തെ മിന്നും ജയം.

രാഷ്ട്രീയത്തിന്റെ അതിരുകൾക്കപ്പുറം എല്ലാവരെയും തോളിൽ ചെറുതായൊന്നു തട്ടി നിറഞ്ഞു ചിരിക്കുന്ന ആ മനസ്സാണ് മണ്ഡലത്തിന്റെ മനസും കീഴടക്കിയത്. സ്‌കൂൾ പഠനകാലത്തും തുമ്പ സെന്റ്‌ സേവ്യേഴ്സ് കോളേജിലും എസ്.എഫ്.ഐ നേതാവെന്ന നിലയിലെ പ്രവർത്തനം പ്രശാന്തിനെ പാഠശാലകളുടെ പ്രിയങ്കരനാക്കി. മാഗസിൻ എഡിറ്ററും, ചെയർമാനുമായി. ലാ അക്കാഡമി പഠനത്തിനിടെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം. അഭിഭാഷകനായി വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ്.

.2005ൽ കഴക്കൂട്ടം പഞ്ചായത്തിലെ കരിയിൽ വാർഡിൽ ആദ്യ തിരഞ്ഞെടുപ്പു ജയം. നഗരസഭയോടു കൂട്ടിച്ചേർത്ത കഴക്കൂട്ടം 2015ൽ ജനറൽ വാർഡായപ്പോൾ വീണ്ടും ജനവിധി തേടി. കോർപറേഷനിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം- 3272 വോട്ട് . അപ്രതീക്ഷിതമായാണ് മഹാരഥന്മാർ ഇരുന്ന മേയർ കസേരയിലേക്ക് പ്രശാന്തിന്റെ നിയോഗം. നഗരപിതാവെന്ന നിലയിലും ലാളിത്യമായിരുന്നു പ്രശാന്തിന്റെ മുഖമുദ്ര.

എൽ.ഡി.എഫിന് കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ ബി.ജെ.പി മുഖ്യപ്രതിപക്ഷം. എല്ലാ കക്ഷികളെയും പരിഗണിച്ചും വിവാദങ്ങളിൽ അകപ്പെടാതെയും കോർപറേഷനെ നയിച്ചു. മേയർ ബ്രോ എം.എൽ.എ ആകുമ്പോൾ പ്രശാന്തിനെ സ്നേഹിക്കുന്നവരുടെ പ്രതീക്ഷകളും ഏറെ. നിലവിൽ സി.പി.എം കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗം. 1981ൽ കഴക്കൂട്ടത്ത് എസ്.കൃഷ്ണന്റെയും ടി.വസന്തയുടെയും മകനായി ജനനം. ഭാര്യ എം.ആർ.രാജി, മക്കൾ പത്തുവയസുകാരി ആലിയയും മൂന്നു വയസുകാരൻ ആര്യനും.