nyos-lake

ആഫ്രിക്കയിലെ വടക്ക് പടിഞ്ഞാറൻ കാമറൂണിലുള്ള നയോസ് തടാകം കാഴ്‌ചയിൽ വളരെ മനോഹരമാണ്. ആരെയും ആകർഷിക്കുന്ന ഈ തടാകം ഇവിടത്തെ ജനങ്ങളുടെ പേടി സ്വപ്‌നമാണ്. നിരവധി ജീവനുകൾ കവർന്നെടുത്ത നയോസ് തടാകം ഇന്നും ഭീതിയുടെ പ്രതീകമാണ്.

1986 ഓഗസ്‌റ്റ് 21നാണ് നയോസ് തടാകം ഉഗ്ര രൂപീയായി മാറിയത്. തടാകത്തിൽ നിന്നും ചില അസ്വാഭാവിക ശബ്‌ദങ്ങൾ പ്രദേശവാസികൾ കേട്ടു. ഞൊടിയിടെ തടാകത്തിനു മുകളിൽ ശക്തമായ ഇരുണ്ട പുക ഒരു മേഘപാളിയായി രൂപപ്പെട്ടു. തടാകത്തിൽ നിന്നും ഉയർന്ന പുകയിൽ 1,00,000 മുതൽ 3,00,000 ടണ്ണോളം കാർബൺഡൈ ഓക്‌സസൈഡ് അടങ്ങിയിരുന്നു. ആദ്യം, മണിക്കൂറിൽ 100 കിലോമീറ്ററോളവും പിന്നീട് തടാകത്തിന്റെ 25 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലേക്കും അത് വ്യാപിച്ചു. തടാകത്തിന് ചുറ്റുമുള്ള നയോസ്,​ കാം,​ ചാ,​ സബം ഗ്രാമങ്ങളിലെ 1,746 മനുഷ്യരും 3,500 വളർത്തു ജീവികളും മരിച്ചു വീണു. നീല നിറത്തിൽ ഉണ്ടായിരുന്ന തടാകം കടും ചുവപ്പ് നിറമായി മാറി.

4000ത്തോളം ജനങ്ങൾ ജീവനും കൊണ്ട് പലായനം ചെയ്‌തു. നിരവധി പേർക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അനന്തര ഫലമായി ഉണ്ടായി. ദുരന്തമുണ്ടായ സമയം ചീഞ്ഞ മുട്ടയുടെ മണം പ്രദേശമാകെ വ്യാപിച്ചിരുന്നുവെന്നും ഹൈഡ്രജന്റെയും സൾഫറിന്റെയും അംശം പുകയിൽ അടങ്ങിയിരുന്നുവെന്നും പറയപ്പെടുന്നു.

തടാകത്തിൽ നിന്നും ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടാകാനുള്ള കാരണം ഇന്നും ഗവേഷകർക്ക് പിടികിട്ടിയിട്ടില്ല. തടാകത്തിന്റെ അടിത്തട്ടിൽ ഉണ്ടായ അഗ്നി പർവത സ്‌ഫോടനമോ, ഭൂചലനമോ ആകാം പ്രതിഭാസത്തിന് പിന്നിലെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. തടാകത്തിന്റെ അടിത്തട്ടിൽ എവിടെ നിന്നോ കാർബൺ ഡൈ ഓക്സൈഡ് എത്തുന്നുണ്ട്. തടാകത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ഇത് ശക്തിയോടെ ജലോപരിതലത്തിൽ എത്തുകയായിരുന്നെന്നും നിരീക്ഷണമുണ്ട്. എന്നാൽ, യാഥാർത്ഥ കാരണം ഇന്നും അജ്ഞാതമാണ്. വീണ്ടും ഒരു ദുരന്തം സമാന രീതിയിൽ ഇനിയും ആവർത്തിച്ചു കൂടായ്‌കയില്ല. അതുകൊണ്ട് തന്നെ തടാകത്തെ നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനങ്ങൾ അധികൃതർ ഇവിടെ ഒരുക്കിയിട്ടുണ്ട്.