നെയ്യാറ്റിൻകര : കാൻസർ രോഗബാധിതയായ ബാലരാമപുരം സ്വദേശി അഭിരാമിയുടെ (8) ചികിത്സാ ചെലവിനായി അമരവിളയിൽ നിന്നു കോഴിക്കോട് വരെ ദീർഘദൂര ഓട്ടം നടത്തിയ ബാഹുലേയൻ തിരികെ നാട്ടിലെത്തി. ഇക്കഴിഞ്ഞ 8ന് നഗ്നപാദനായി ഓട്ടം തുടങ്ങിയ കൊല്ലം സ്പോർട്സ് കൗൺസിൽ ജീവനക്കാരനായ ബാഹുലേയൻ 10 ദിവസം കൊണ്ട് 440 കിലോമീറ്റർ ദൂരം പിന്നിട്ട് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ഓട്ടം അവസാനിപ്പിച്ചു. ലിംക ബുക്ക് ഒഫ് വേൾഡ് റെക്കാഡ് ജേതാവായ ബാഹുലേയൻ കഴിഞ്ഞ വർഷം മൂന്നു പ്രാവശ്യമായി പാറശാല മുതൽ കോഴിക്കോട് വരെ ഓടി സമാഹരിച്ച മൂന്നര ലക്ഷം രൂപ 48 നിർദ്ധന രോഗികൾക്ക് ചികിത്സാ ചെലവിനായി നൽകിയിരുന്നു. ധനുവച്ചപുരം വൈദ്യൻവിളാകത്ത് വീട്ടിൽ കെ. സുന്ദരേശന്റെയും വാസന്തിയുടെയും മകനായ ബാഹുലേയൻ കന്യാകുമാരി മുതൽ കാശ്മീർ വരെ ഓടി ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കാഡിൽ ഇടം നേടാനുള്ള പരിശീലനത്തിലാണ്.