coral
പവിഴപ്പുറ്റ്

തിരുവനന്തപുരം: കോവളം, സെന്റ് ആൻഡ്രൂസ് എന്നിവിടങ്ങളിലെ തീരക്കടലിൽ പുതിയ പവിഴപ്പുറ്റുകൾ കണ്ടെത്തി. ഫ്രണ്ട്‌സ് ഒഫ് മറൈൻ ലൈഫ് പ്രവർത്തകരാണ് (എഫ്.എം.എൽ)​ ഈ പവിഴപ്പുറ്റുകളുടെ സാന്നിദ്ധ്യം പുറംലോകത്തെ അറിയിച്ചത്.

മൂന്ന് വർഷമായി കടലിന്റെ അടിത്തട്ടിനെ കുറിച്ച് പഠനം നടത്തുന്ന എഫ്.എം.എൽ സ്‌കൂബാ ഡൈവിംഗ് അംഗങ്ങളാണ് പവിഴപ്പുറ്റുകൾ കണ്ടെത്തിയതും കാമറയിൽ പകർത്തിയതും.

കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പുമായി ചേർന്ന് ഇവയെ ശാസ്ത്രീയമായി വർഗീകരിക്കുകയും ചെയ്തു. പഠനഫലം ഉടൻ അന്താരാഷ്ട്ര സമുദ്റശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിക്കുമെന്ന് എഫ്.എം.എൽ ചീഫ് കോ ഓർഡിനേറ്റർ റോബർട്ട് പനിപ്പിള്ള അറിയിച്ചു.

കോവളം കോടി എന്നറിയപ്പെടുന്ന സ്ഥലത്ത് മാത്രം പത്ത് ചതുരശ്ര മീറ്ററിനുള്ളിൽ ഒൻപത് ഇനം പവിഴപ്പുറ്റുകളാണ് കണ്ടെത്തിയത്. പോറി​റ്റെസ് ലിച്ചൻ, ഫാവി​റ്റസ്, അക്രോപോറ ഡിജി​റ്റിഫെറ, പാവോന വെനോസ എന്നീ ഇനങ്ങളിലുള്ളവയാണ് കോവളത്തെ പവിഴപ്പുറ്റുകൾ. ഒരു മീ​റ്റർ മുതൽ നാല് മീ​റ്റർ വരെ ആഴമുള്ളിടത്താണ് ഇവ വളർന്ന് പെരുകുന്നത്. കോവളത്തെ പവിഴപ്പുറ്റ് കോളനിയുടെ തെക്ക് വിഴിഞ്ഞം വരെയും വടക്ക് തുമ്പ - സെന്റ് ആൻഡ്രൂസ് വരെയുമുള്ള തീരക്കടലിൽ പവിഴപ്പുറ്റുകളുടെ സാന്നിദ്ധ്യമില്ലെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സെന്റ് ആൻഡ്രൂസിൽ 20 മീ​റ്റർ ആഴമുള്ള കടലിലാണ് മൂന്ന് ഇനം പവിഴപ്പുറ്റുകളെ കണ്ടെത്തിയത്. ഇവയെ ശാസ്ത്രീയമായി വർഗീകരിക്കാനുള്ള ശ്രമങ്ങൾ നടന്ന് വരുന്നു. കടലിനടിയിലെ തറപ്പാരുകളോട് ചേർന്നാണ്‌ ഇവ കാണപ്പെടുന്നത്.

റോബർട്ട് പനിപ്പിള്ള, മുഹമ്മദ് സാദിക്, അനീഷ അനി ബനഡിക്ട്, അബുസാലി എന്നിവരടങ്ങിയ സ്‌കൂബാഡൈവിംഗ് സംഘമാണ് രണ്ട് സ്ഥലത്തും പവിഴപ്പുറ്റുകൾ കണ്ടെത്തിയത്. പവിഴപ്പു​റ്റ് കോളനികളുടെ വീഡിയോയും ഇവർ ചിത്രീകരിച്ചിട്ടുണ്ട്.

കടലിലെ പ്ലാസ്റ്റിക്,​ ഹോട്ടലുകളിലെ മാലിന്യങ്ങൾ എന്നിവ കോവളത്തെ പവിഴപ്പു​റ്റുകൾക്കു ഭീഷണിയാണെന്നും വർണമത്സ്യങ്ങളെ വലയുപയോഗിച്ച് പിടിക്കുന്നത് ഇവയുടെ നാശത്തിന് കാരണമാവുമെന്നും തീരക്കടലിൽ പുതിയ പവിഴപ്പു​റ്റ് മേഖല ഉണ്ടാവുന്നതിന്റെ പ്രാധാന്യം മനസിലാക്കി ഇവ സംരക്ഷിക്കണമെന്നും എഫ്.എം.എൽ ആവശ്യപ്പെട്ടു.