ഒറ്റമഴയിൽ മുങ്ങുന്ന നഗരങ്ങളുടെ വിലാപമാണ് ചൊവ്വാഴ്ച ഹൈക്കോടതിയിൽ നിന്നു കേട്ടത്. തിങ്കളാഴ്ച പെയ്ത ശക്തമായ മഴയിൽ കൊച്ചി നഗരം അക്ഷരാർത്ഥത്തിൽ വെള്ളത്തിലായി.
നഗരവാസികളും പല കാര്യങ്ങൾക്കായി അവിടെ എത്തിയവരും നീന്തിത്തുടിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. ഉപതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാകാതെ പലരും വീടുകളിൽത്തന്നെ കഴിയേണ്ടിവന്നു. പുറത്തിറങ്ങിയവരാകട്ടെ അരയോളം വെള്ളത്തിൽ മുങ്ങിയാണ് പോളിംഗ് ബൂത്തുകളിലെത്തിയത്. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ഒട്ടേറെ സാധന സാമഗ്രികൾ നശിച്ചു. റോഡുകളിലെ കുഴികളറിയാതെ വാഹനങ്ങൾ, അവയിൽ ചാടി അപകടങ്ങളും ധാരാളമുണ്ടായി. കോടിക്കണക്കിനു രൂപയുടെ കച്ചവടമാണ് ആ ഒറ്റദിവസം നഷ്ടമായത്. ഗതാഗതം അസാദ്ധ്യമാക്കും വിധം റോഡുകളെല്ലാം പുഴകളായി മാറിയതോടെ ദുരിതം ഇരട്ടിയായി. ട്രെയിൻ സർവീസുകൾ പോലും നിറുത്തിവയ്ക്കേണ്ടിവന്നു. നഗരജീവിതം പൂർണമായും സ്തംഭിപ്പിച്ച വെള്ളക്കെട്ട് കണ്ടിട്ടാണ് കൊച്ചി നഗരസഭയെ ഇനിയും അധികാരത്തിൽ തുടരാൻ സർക്കാർ അനുവദിക്കുന്നതെന്തിനാണെന്ന് സഹികെട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ആരാഞ്ഞത്. ഹൈക്കോടതി ഇങ്ങനെ ചോദിക്കുന്നതിനു എത്രയോ നാൾ മുന്നേ തന്നെ നഗരവാസികളിൽ പലരും ഇതേ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുകയാണ്. പൗരന്മാരുടെ ചോദ്യത്തിന് ഉത്തരം നൽകാനുള്ള ബാദ്ധ്യത ആർക്കുമില്ലാത്തതുകൊണ്ട് അവ അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുകയാണു പതിവ്. ഹൈക്കോടതിയുടെ അമർഷം മുഴുവൻ കൊച്ചി നഗരസഭയോടായിരുന്നുവെങ്കിലും സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലെയും സ്ഥിതി ഇതൊക്കെത്തന്നെയാണ്. ഒറ്റ മഴ മതി നഗരറോഡുകൾ മുങ്ങാൻ. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതാണ് ഈ ദുഃസ്ഥിതിക്ക് കാരണമെന്ന് അറിയാത്തവരല്ല നഗരസഭാ ഭരണം നടത്തുന്നത്. ഉദ്യോഗസ്ഥർക്കാണെങ്കിൽ ഒരിടത്തും കുറവില്ല. എന്നിട്ടും കാര്യങ്ങൾ നോക്കിക്കണ്ടു നടത്താൻ ഒരിടത്തും ആളില്ല. അഴുക്കുചാലുകൾ മാസങ്ങളോളം ചപ്പുചവറുകൾ നിറഞ്ഞു മൂടിക്കിടക്കും.
അശാസ്ത്രീയമായ റോഡുനിർമ്മാണം മഴവെള്ളം അപ്പാടെ റോഡിൽത്തന്നെ കെട്ടിനിൽക്കാൻ ഇടവരുത്തുന്നു. വെള്ളം ഒഴുകി എത്തേണ്ട നീർച്ചാലുകളും തോടുകളും പുഴകളുമൊക്കെ സംരക്ഷിക്കപ്പെടാത്തതിനാൽ ഓരോ മഴക്കാലവും സാധാരണക്കാരുടെ നിത്യജീവിതം ദുരിതമയമാക്കിയാവും കടന്നുപോകുന്നത്. നഗരസഭകളുടെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെയും പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ ജനജീവിതം സുരക്ഷിതമാക്കേണ്ട കർത്തവ്യം ആ സ്ഥാപനങ്ങൾക്കാണ്. നിർഭാഗ്യവശാൽ ഈ രംഗത്ത് തദ്ദേശസ്ഥാപനങ്ങൾ കുറ്റകരമായ അനാസ്ഥയാണ് പുലർത്തുന്നത്.
അപ്രതീക്ഷിതമായി പെയ്ത ഘോരവർഷമാണ് കൊച്ചി നഗരത്തെ വെള്ളക്കെട്ടിലാക്കിയതെന്നാണ് മേയർ പറയുന്നത്. നഗരത്തെ രക്ഷിക്കാനായി നഗരസഭ ചെയ്തതും ചെയ്യാൻ പോകുന്നതുമായ നടപടികളെക്കുറിച്ചും അവർ വിശദീകരിക്കുകയുണ്ടായി. എന്നാൽ നഗരസഭയുടെ ഭാഗത്തുണ്ടായ അക്ഷന്തവ്യമായ വീഴ്ചകളാണ് ഈ സ്ഥിതിവിശേഷത്തിനു പ്രധാന കാരണമെന്ന യാഥാർത്ഥ്യം സൗകര്യപൂർവം മേയർ മറന്നു. കോടതി ഓർമ്മിപ്പിച്ചതും അതാണ്.
പ്രകൃതിക്ക് ഒരു കോടതിയെയും പേടിക്കേണ്ട കാര്യമില്ല. പ്രവചനങ്ങൾ തെറ്റിച്ചുകൊണ്ട് എപ്പോൾ വേണമെങ്കിലും മഴ ആർത്തലച്ചു പെയ്യാം. സംസ്ഥാനത്തെ മഴക്കാലം പണ്ടേ പറഞ്ഞുവച്ചിട്ടുള്ളതാണ്. പേമാരി ഇടയ്ക്കിടെ സാധാരണമാണ്. മുൻകാലങ്ങളിലും ഇതൊക്കെ ഉണ്ടാകുമായിരുന്നു. എന്നാൽ ഒരു രാത്രിയിലെ മഴയിൽ നഗരം പാടെ നിശ്ചലമാക്കും വിധത്തിലുള്ള വെള്ളക്കെട്ട് ഇപ്പോൾ ഇടയ്ക്കിടെ ഉണ്ടാകുന്നത് ജലനിർഗമന മാർഗങ്ങൾ ശരിയായ വിധത്തിൽ ശ്രദ്ധാപൂർവം സംരക്ഷിക്കാത്തതു കൊണ്ടാണ്. തലസ്ഥാനനഗരി ഉൾപ്പെടെ മറ്റിടങ്ങളിലും കാണാം ഇതേ ദുരവസ്ഥ. അടഞ്ഞുകിടക്കുന്ന ഓടകളും കനാലുകളും കൃത്യമായ ഇടവേളകളിൽ ശുചീകരിക്കുന്നതിന്റെ ആവശ്യം നഗരസഭാ ഭരണക്കാർ മനസിലാക്കുന്നേയില്ല. ചുമതലകൾ നിറവേറ്റുന്നതിലല്ല എങ്ങനെ ഒഴിഞ്ഞുമാറാമെന്നാണ് എല്ലാവരും നോക്കുന്നത്. വെള്ളക്കെട്ടുണ്ടാകുമ്പോൾ പേമാരിയെ പഴിച്ച് തടിയൂരാനാണ് ശ്രമം.
എല്ലാ നഗരങ്ങളിലും കാണും താഴ്ന്ന പ്രദേശങ്ങൾ. മഴക്കാലമായാൽ അവിടങ്ങളിൽ താമസിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾ അനുഭവിക്കുന്ന നരകയാതനകളെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ? വീടുകൾ വെള്ളത്തിലായാൽ വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പുകളിലാക്കി ചുമതല ഒഴിയും. എല്ലാ മഴക്കാലത്തും ഇത് ആവർത്തിക്കുമ്പോഴും ഇവർക്കു സുരക്ഷിതമായ ഇടങ്ങളിൽ പാർപ്പിടകേന്ദ്രം ഒരുക്കുന്ന കാര്യം ആലോചനയിൽ വരില്ല. മഴക്കാലത്തെ നേരിടാൻ ഒട്ടേറെ കരുതൽ നടപടികളെടുക്കാവുന്നതാണ്. മഴക്കാലപൂർവ ശുചീകരണം എന്ന പേരിൽ നടക്കാറുള്ള തട്ടിപ്പു പരിപാടിയെക്കുറിച്ചല്ല വിവക്ഷ. ഓടകളിൽ നിന്ന് മാലിന്യങ്ങൾ കോരി കരയിൽ വച്ച് ആദ്യ മഴയിൽ അത് വീണ്ടും അതേ ഓടയിൽ പതിക്കുന്നതാവരുത് ശുചീകരണ പരിപാടി. ജലനിർഗമനത്തിനുള്ള ഓടകളും കനാലുകളും തടസരഹിതമാണെന്നു ഉറപ്പുവരുത്തിയാൽത്തന്നെ മഴവെള്ളം വേഗം വാർന്നുപോകും. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന ഇടങ്ങളിൽ അത് ഒഴിവാക്കാനുള്ള മാർഗം കണ്ടെത്തണം. ഇതൊക്കെ അത്ര വലിയ ഭാരിച്ച കാര്യമൊന്നുമല്ല. പ്രശ്നങ്ങൾ കണ്ടറിഞ്ഞ് ഉചിതമായ പരിഹാര നടപടി സ്വീകരിച്ചാൽ മാത്രം മതി.