കടയ്‌ക്കാവൂർ: പെരുങ്കുളം പോസ്റ്റോഫീസിന് സമീപത്തെ ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു.

മാടമ്പിവിള നന്ദാവനത്ത് പ്രസന്നയുടെ വീട്ടിലാണ് മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവൻ സ്വർണവും 8000 രൂപയും നഷ്ടമായി. ഇവരുടെ സഹോദരൻ പ്രഭാമന്ദിരത്തിൽ പ്രദീപിന്റെ വീട്ടിലും മോഷണശ്രമം നടന്നു. വീടുകളുടെ വാതിലുകൾ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ അലമാരികളുടെയും മേശകളുടെയും പൂട്ട് തകർത്തു. ഗൾഫിലുള്ള പ്രദീപിന്റെ വീട്ടിലും ആൾത്താമസമില്ല. ഇടയ്‌ക്കിടെ വീട്ടിലെത്താറുള്ള പ്രസന്ന ചൊവ്വാഴ്ച രാവിലെ എത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. കടയ്ക്കാവൂർ സി.ഐ ശ്രീകുമാറും സംഘവും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. കടയ്‌ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.