തിരുവനന്തപുരം: ''നമ്മൾ ഒരു പദവിയിൽനിന്നു മാറിയാൽപ്പിന്നെ ആർക്കും വേണ്ടാത്തവനാകും. വീട്ടുകാർക്കല്ല കേട്ടോ. പാർട്ടിക്കാരുടെ കാര്യമാണ് ''- ഇങ്ങനെ പറയുമ്പോൾ വി. ഗംഗാധരൻ നാടാരുടെ ശബ്ദം മാത്രമല്ല കൈകളും വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു വർഷം മുമ്പു വരെ തലസ്ഥാനത്തിന്റെ രാഷ്ട്രീയ വേദികളും സമര രംഗങ്ങളിലുമെല്ലാം എൽ.ഡി.എഫ് കൺവീനറുടെ റോളിൽ സജീവമായിരുന്ന ഗംഗാധരൻ നാടാരെ സ്വന്തം മുന്നണിയിലുള്ളവർ പോലും മറന്നു. പക്ഷേ,​ ഓരോ നീക്കങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമൊക്കെയായിരുന്ന ഗംഗാധരൻ നാടാർ വിഴിഞ്ഞം കിടാരക്കുഴിയിലെ വീട്ടിലുണ്ട്. ഗംഗാധരൻ നാടാർ പറയുന്നു- ''ഇത്തവണ നമ്മൾ ജയിക്കും. വട്ടിയൂർക്കാവിൽ മാത്രമല്ല,​ അരൂരിലും കോന്നിയിലും ജയിക്കും''. രണ്ടു തവണയാണ് ഗംഗാധരൻ നാടാർക്ക് സ്ട്രോക്ക് വന്നത്. ഒരു വർഷം മുമ്പ് ശരീരത്തിന് ചെറിയൊരു വിറയൽ. മനസു പറയുന്നിടത്ത് കാലുകളുറയ്ക്കുന്നില്ല. ഒരു ആത്മവിശ്വാസക്കുറവ്. പ്രായം 75 ആയതിന്റെ അവശതയെന്ന് മനസ് മന്ത്രിച്ചു. യാത്ര ചെയ്യാൻ കഴിയാതെ വന്നു. എൽ.ഡി.എഫ് കൺവീനർ സ്ഥാനവും ജനതാദൾ എസ് ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമെന്ന സ്ഥാനവും രാജിവച്ചു. ഡോ. നീലലോഹിതദാസൻ നാടാർക്ക് എൽ.ഡി.എഫ് സീറ്റ് നിഷേധിക്കുന്ന സാഹചര്യം 2006ൽ ഉണ്ടായപ്പോൾ കോവളം മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യവുമായി ജനതാദൾ -എസ് സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാർ ഉൾപ്പെടെയുള്ളവർ സമീപിച്ച കാര്യം ഗംഗാധരൻ നാടർ ഓർത്തു. പക്ഷേ,​ ആ അഭ്യർത്ഥന അദ്ദേഹം നിരസിച്ച് എൽ.ഡി.എഫ് ജില്ലാ കൺവീനറായി തന്നെ തുടർന്നു. ''അന്ന് എൽ.ഡി.എഫ് വിട്ട് നീലൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. നീലനെതിരെ മത്സരിക്കാൻ എനിക്കാകുമായിരുന്നില്ല''- അദ്ദേഹം പറഞ്ഞു.

അവൾ (ഭാര്യ സരോജം)​​ നേരത്തേ പോയി. രാവിലെയോ വൈകിട്ടോ മക്കളായ ഷെറിയും ഷാനുവും നടക്കാനായി കൊണ്ടു പോകും. വൈകിട്ടാകുമ്പോൾ ചെറുമക്കൾ സ്കൂളിൽ നിന്നുവരും, പിന്നെ അവരോട് സംസാരിച്ചിരിക്കും.

മരണം വരെ വഹിക്കാൻ ഒരു പദവി

തെന്നൂർക്കോണം സി.വി സ്മാരക ഗ്രന്ഥശാലയുടെ പ്രസിഡന്റാണ് ഇപ്പോഴും ഗംഗാധരൻ നാടാർ. പത്രപ്രവർത്തനരംഗത്തെ കുലപതിയായിരുന്ന സി.വി. കുഞ്ഞുരാമന്റെ വേർപാടിനു ശേഷം വിഴിഞ്ഞം സ്വദേശി നാരായണൻ നാടാരാണ് അദ്ദേഹത്തിന്റെ പേരിൽ ഗ്രന്ഥശാല ആരംഭിച്ചത്. അന്ന് ചെറുപ്പക്കാരനായ ഗംഗാധരൻ നാടാരെ പ്രസിഡന്റാക്കിയതും നാരായണൻ നാടാരായിരുന്നു. അക്കാലത്ത് എന്ത് ആവശ്യത്തിന് കേരളകൗമുദിയിലെത്തിയാലും പത്രാധിപർ കെ. സുകുമാരൻ സ്നേഹത്തോടെ സ്വീകരിക്കുമായിരുന്നു. കഴിക്കാൻ ഭക്ഷണം തരും. പോകാൻ നേരം വായനശാലയിലേക്ക് കുറെ പുസ്തകങ്ങളും. ഗ്രന്ഥശാല ഇന്നു കാണുന്ന ഇരുനില കെട്ടിടമായത് ഗംഗാധരൻ നാടാരുടെ ശ്രമഫലമായിട്ടായിരുന്നു.