koshayatra

ചിറയിൻകീഴ്: ഹൈന്ദവ ആചാരങ്ങൾ അനുഷ്ഠിക്കുവാൻ അനുവാദമില്ലാത്ത കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ശബരിമല അയ്യപ്പസേവാസമാജം ജില്ലയിൽ സംഘടിപ്പിച്ച അയ്യപ്പധർമ്മ പ്രചാരണ രഥയാത്ര ശാർക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദുമതം പഠിക്കുന്നുമില്ല, പഠിപ്പിക്കുന്നുമില്ല. അതുകൊണ്ട് ആചാരങ്ങൾ പാലിക്കുന്നുമില്ല. ഒരുമയില്ലാത്ത ഹൈന്ദവ സമൂഹത്തിന്റെ പെരുമ നഷ്ടപ്പെട്ടിട്ടുണ്ട്. ഇടതു സർക്കാർ ചോദിച്ചു വാങ്ങിയ ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ നാം പോരാടണമെന്നും അന്തിമ വിജയം ധർമ്മത്തിനായിരിക്കുമെന്നും പ്രയാർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. ശബരിമല കർമ്മസമിതി സംയോജകൻ കൈലാസം സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോ-ഓർഡിനേറ്റർ പി. അശോക് കുമാർ സ്വാഗതം ആശംസിച്ചു. അയ്യപ്പസേവാസമാജം സംസ്ഥാന സമിതി അംഗം അഡ്വ. ഗീത, ജില്ലാ പ്രസിഡന്റ് പാൽക്കുളങ്ങര ജയകുമാർ, സംഘാടക സമിതി ചെയർമാൻ അഡ്വ. ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

ദക്ഷിണ ഭാരതത്തിലുടനീളം ആചാര സംരക്ഷണത്തിനും ആരാധനാലയങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയാണ് അയ്യപ്പധർമ്മ പ്രചാരണ രഥയാത്ര. ഇന്നലെ രാവിലെ എട്ടിന് ധർമ്മരഥത്തിലെ ധർമ്മശാസ്താ വിഗ്രഹത്തിൽ ആരതി ഉഴിഞ്ഞതോടെ രഥയാത്ര ആരംഭിച്ചു. നൂറു കണക്കിന് ഭക്തർ ശരണം വിളികളോടെ അനുഗമിച്ചു. തുടർന്ന് ധർമ്മരഥം കടയ്ക്കാവൂർ, നിലയ്ക്കാമുക്ക്, കവലയൂർ, കുട്ടിക്കട, ചെറുന്നിയൂർ ജംഗ്ഷൻ, ദളവാപുരം ജംഗ്ഷൻ, മരക്കട റോഡ്, വർക്കല ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കല്ലമ്പലം, ചാത്തൻപാറ, ആലംകോട്, ആറ്റിങ്ങൽ, വഞ്ചിയൂർ, നഗരൂർ, ചെമ്പ്രാത്തിമുക്ക്, പുതിയകാവ് ,കിളിമാനൂർ, പുളിമാത്ത് എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് വെഞ്ഞാറമൂട്ടിൽ സമാപിച്ചു. വഴി നീളെ ഭക്തർ ധർമ്മരഥത്തിന് നിറപറ ഒരുക്കിയും പുഷ്പാഭിഷേകം നടത്തിയും വൻ സ്വീകരണമാണ് ഒരുക്കിയത്. 29 വരെയാണ് ജില്ലയിൽ ധർമ്മരഥ പര്യടനം.