തിരുവനന്തപുരം: മെഡിക്കൽ കോളേജ്, ആർ.സി.സി, ശ്രീചിത്ര എന്നിവിടങ്ങളിലെ പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസ, ഭക്ഷണ സൗകര്യമൊരുക്കാൻ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ആർ.സി.സിക്ക് സമീപം നിർമ്മിച്ച സാന്ത്വന കേന്ദ്രം നാളെ ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഇ.പി. ജയരാജൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,വി.എസ് ശിവകുമാർ എം.എൽ.എ, ഒ. രാജഗോപാൽ എം.എൽ.എ, എ.യൂനുസ് കുഞ്ഞ്, പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, സി. മുഹമ്മദ് ഫൈസി, മജീദ് കക്കാട് തുടങ്ങിയവർ പങ്കെടുക്കും. സയ്യിദ് ത്വാഹാ സഖാഫി, എ.പി. അബ്ദുൽഹകീം അസ്ഹരി, എ. സൈഫുദ്ദീൻ ഹാജി, പി.എ. മുഹമ്മദ് കുഞ്ഞി സഖാഫി, എസ്. ശറഫുദ്ദീൻ, സിദ്ദീഖ് സഖാഫി നേമം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.