തിരുവനന്തപുരം: മേഖലാ സമഗ്ര സാമ്പത്തിക ധാരണ (ആർ.സി.ഇ.പി) കരാറിൽ ഇന്ത്യ ഭാഗമാകുന്നതിനെതിരെ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ 28ന് കർഷക സംഘടനകളെ അണിനിരത്തി പ്രതിഷേധ കൺവെൻഷൻ നടത്തും. ഉച്ചയ്ക്ക് രണ്ടിന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും പ്രതിപക്ഷ നേതാവടക്കമുള്ളവർ പങ്കെടുക്കുമെന്ന് മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, കെ.കൃഷ്ണൻകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കരാർ നടപ്പായാൽ കർഷക ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ നട്ടെല്ലൊടിക്കുന്ന സ്ഥിതിയുണ്ടാകും. കരാറിലെ കർഷകദ്രോഹ വ്യവസ്ഥകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കും. കരാർ പ്രാബല്യത്തിലായാൽ കൃഷി, ക്ഷീര, തോട്ടം, ചെറുകിട, മരുന്നു വ്യവസായ മേഖലകൾ തകരും. വരുന്ന നിയമസഭാ സമ്മേളനത്തിൽ കരാറിനെതിരെ പ്രമേയം പാസാക്കുമെന്നും മന്ത്രിമാർ അറിയിച്ചു.