തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണം ഏറ്റെടുക്കാമെന്ന ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ വാഗ്ദാനം സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പുനർനിർമ്മാണം സംബന്ധിച്ച് സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ ശുപാർശകളും അംഗീകരിച്ചു.
പാലം പുതുക്കിപ്പണിയണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാൻ വിദഗ്ദ്ധസമിതി ശുപാർശ ചെയ്തിരുന്നു. പുതുക്കിപ്പണിതാൽ പാലത്തിന് 100 വർഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരൻ സർക്കാരിന് നൽകിയ റിപ്പോർട്ട്. പാലത്തിന്റെ തകരാർ കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കരാറുകാരനിൽ നിന്ന് ഈടാക്കുന്നതിന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷന് നിർദ്ദേശം നൽകും. ഈ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും.
നേരത്തേ ഇ. ശ്രീധരന്റെ നിർദ്ദേശം മാനിച്ച് അപകടാവസ്ഥയിലുള്ള പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സർക്കാർ തീരുമാനിച്ചിരുന്നു. അടിസ്ഥാനപരമായി ബലക്ഷയമുള്ളതിനാൽ പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ ഫലപ്രദമാകില്ലെന്നായിരുന്നു ശ്രീധരൻ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അന്ന് വ്യക്തമാക്കിയത്.