വക്കം: വക്കത്തെ ഇടറോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം ശക്തം. ഇടറോഡുകളാൽ സമ്പന്നമാണ് വക്കം ഗ്രാമ പഞ്ചായത്ത്. മഴക്കാലത്ത് വെള്ളക്കെട്ടും, മഴ മാറിയാൽ കുണ്ടും കുഴിയും. ഇതെല്ലാം യാത്രക്കാരുടെ നടു ഒടിക്കുന്നതാണ്. ഇതാണ് ഇടറോഡുകളുടെ നിലവിലെ അവസ്ഥ. റോഡുകളുടെ ടാറിംഗ് ഗ്രാമപഞ്ചായത്തിന്റെ മരാമത്ത് വകുപ്പിന്റെ കീഴിലാണ്. ടാറിംഗിലെ അപാകതയാണ് പെട്ടെന്നുള്ള പൊട്ടിപൊളിയലിന് കാരണമെന്ന് സാങ്കേതിക വിദ്ഗ്ദ്ധർ പറയുന്നു. ടാറിംഗ് ജോലികൾ നടക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം പണികൾ അവസാനിക്കുന്നത് വരെ ഉണ്ടാകേണ്ടതാണ്. എന്നാൽ വക്കത്ത് അത് ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് റോഡ് കോൺട്രാക്ടർമാരെ സഹായിക്കാനാണന്ന് ആക്ഷേപവും ഉണ്ട്. വെളിവിളാകം ടെമ്പിൾ റോഡിൽ കഴിഞ്ഞ ടാറിംഗ് സമയത്ത് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ എതിർത്തിരുന്നു. എന്നാൽ എതിർപ്പൊന്നും കാര്യമാക്കാക്കെ ടാറിംഗ് ജോലി പൂർത്തിയാക്കി പണവും വാങ്ങി കോൺട്രാക്ടർ മടങ്ങി. ഇതിന് രാഷ്ട്രിയ പിൻബലവുമുണ്ടത്രെ. വക്കത്ത് രണ്ട് റെയിൽവേ ഗേറ്റുകൾ ഉണ്ട്. ട്രെയിൻ കടന്ന് പോകുമ്പോൾ മാത്രമല്ല , ട്രാക്ക് അറ്റകുറ്റപണികൾക്കും ഗേറ്റ് അടച്ചിടുന്ന പതിവുണ്ട് ഇവിടെ. ഇത്തരം സന്ദർഭങ്ങളിൽ വാഹനയാത്രക്കാർ ഏറെ ആശ്രയിക്കുന്നത് ഇടറോഡുകളാണ്. റോഡിന്റെ ശോച്യാവസ്ത കണക്കിലെടുത്ത് മറ്റ് മാർഗം തേടുകയാണ് യാത്രക്കാർ. മഴക്കാലത്തെ വെള്ളക്കെട്ടുകൾ റോഡിന്റെ നാശങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതിന് പരിഹാരം ഓടകൾ നിർമ്മിക്കുക മാത്രമാണ്.