ഐ.സി.സി ടെസ്റ്റ് റാങ്കിംഗിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനം ആധികാരികമാക്കി ഇന്ത്യ.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര അപ്പാടെ വിഴുങ്ങിയ ഇന്ത്യ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് റാങ്കിംഗിലും പുതുതായി തുടങ്ങിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനത്തുള്ള വാഴ്ച ആധികാരികമാക്കി.
ഓപ്പണറായി സ്വന്തം നാട്ടിൽ ആദ്യ പരമ്പരയ്ക്കിറങ്ങിയ മായാങ്ക് അഗർവാൾ മുതൽ അവസാന ടെസ്റ്റ് തുടങ്ങുന്നിന് തൊട്ടുമുമ്പ് അപ്രതീക്ഷിത പകരക്കാരനായി ടീമിലേക്കെത്തിയ ഷഹ്ബാസ് നദീം വരെയുള്ള ഓരോ കളിക്കാരും ഒരേ മനസോടെ പൊരുതിയെടുത്തതാണ് ഈ വിജയം. മൂന്ന് സെഞ്ച്വറികൾ കൊണ്ട് പരമ്പരയിൽ നിറഞ്ഞു നിന്ന രോഹിത് ശർമ്മയും ഇരട്ട സെഞ്ച്വറി നേടിയ മായാങ്ക് അഗർവാളും ക്യാപ്ടൻ വിരാട് കൊഹ്‌ലിയും നിർണായക സമയങ്ങളിലെല്ലാം മദ്ധ്യനിരയിലെ കരുത്തന്റെ വേഷം കെട്ടിയ അജിങ്ക്യ രഹാനെയും ബാറ്റ് ചുഴറ്റാനും പന്തുതിരിക്കാനും ഒരേപോലെ കഴിയുന്ന ജഡേജയും വെള്ളക്കുപ്പായത്തിലേക്കുള്ള തിരിച്ചുവരവ് മനോഹരമാക്കിയ അശ്വിനും സൂപ്പർമാർ ഡൈവുകളുമായി സാഹയും ഇന്ത്യൻ മണ്ണിലും പേസിന് ഭാവിയുണ്ടെന്ന് തെളിയിച്ച ഷമിയും ഉമേഷുമൊക്കെച്ചേർന്ന് എഴുതിച്ചേർത്തതാണ് ഈ വിജയചരിത്രം.
ഇന്ത്യ ഐ.സി.സി റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരാണെങ്കിൽ, റാങ്കിംഗിൽ ഒട്ടും മോശക്കാരായിരുന്നില്ല ദക്ഷിണാഫ്രിക്ക. മൂന്നാം സ്ഥാനത്തായിരുന്നു അവർ. എന്നാൽ, ഒന്നും മൂന്നും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് മത്സരത്തിന്റെ മാർജിനുകൾ തെളിയിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയങ്ങൾ അടുത്ത കാലത്ത് അദ്ഭുതമല്ലാതായിട്ടുണ്ട്. എന്നാൽ, പതിവ് സ്പിൻ കെണിയൊരുക്കി എതിരാളികളെ വീഴ്ത്തുന്ന രീതിയായിരുന്നില്ല ഇത്തവണ. പേസർമാർക്ക് കൂടി പിന്തുണ നൽകുന്ന പിച്ചുകളായിരുന്നു മൂന്നിടത്തും. അതൊക്കെ നന്നായി വിനിയോഗിക്കാൻ പേസർമാർക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനം.
ഇന്ത്യൻ വിജയങ്ങൾ ഇങ്ങനെ
1. വിശാഖപട്ടണത്ത് 203 റൺസിന്
2. പൂനെയിൽ ഇന്നിംഗ്സിനും 37 റൺസിനും
3. റാഞ്ചിയിൽ ഇന്നിംഗ്സിനും 202 റൺസിനും
ഇന്ത്യൻ പേസർമാരായ ഷമിയും ഉമേഷും ചേർന്ന് പരമ്പരയിൽ 24 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഐ.സി.സി ബൗളർമാരുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള റബാദയ്ക്ക് നേടാനായത് ഏഴ് വിക്കറ്റുകൾ മാത്രവും.
''ഏത് തരം പിച്ചായാലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. എതിർ ടീമിനെ രണ്ട് ഇന്നിംഗ്സുകളിലും എറിഞ്ഞു തകർക്കുക. ബാറ്റ് ചെയ്യുമ്പോൾ ഫെററി കാറിന്റെ സ്പീഡിൽ റണ്ണടിക്കുക അത്രതന്നെ.
- രവിശാസ്ത്രി, ഇന്ത്യൻ കോച്ച്
പരമ്പരയിലെ കൗതുകങ്ങൾ
ഇന്ത്യയെ ഇന്നിംഗ്സിൽ പോലും ആൾ ഔട്ടാക്കാൻ പേരുകേട്ട ദക്ഷിണാഫ്രിക്കൻ പേസർമാർക്ക് കഴിഞ്ഞില്ല. മൂന്ന് ടെസ്റ്റുകളിലുമായി ഇന്ത്യയ്ക്ക് നഷ്ടമായത് 25 വിക്കറ്റുകൾ മാത്രം. ദക്ഷിണാഫ്രിക്കയുടെ 60 വിക്കറ്റുകളും തവിടുപൊടിയായി.
നാല് ഇന്നിംഗ്സുകളിലായി മൂന്ന് ഇരട്ടകളടക്കം ഏഴ് സെഞ്ച്വറികൾ ഇന്ത്യൻ ബാറ്റ്സ്‌മാൻമാർ നേടിയപ്പോൾ ആറ് ഇന്നിംഗ്സുകൾ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത് രണ്ട് സെഞ്ച്വറികൾ മാത്രം.
മൂന്ന് ടെസ്റ്റുകളിൽ നിന്നുമായി ഇന്ത്യ 47 സിക്സുകളാണ് അടിച്ചു പറത്തിയത്. 142 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ പിറന്ന പരമ്പരയാണിത്. രോഹിത് വ്യക്തിഗത സിക്സുകളിലും റെക്കാഡ് നേടി.
"എന്റെ കഴിവിന്റെ പരമാവധി ഞാൻ പരിശ്രമിച്ചു. പക്ഷേ, ഇന്ത്യയുടെ മികവിനു മുന്നിൽ അതൊന്നുമായില്ലെന്ന് മാത്രം. - ടെംപബൗമ, ദക്ഷിണാഫ്രിക്കൻ താരം.
പോഗ്രസ് റിപ്പോർട്ട്
രോഹിത് ശർമ്മ
4 ഇന്നിംഗ്സുകൾ
529 റൺസ്
3 സെഞ്ച്വറികൾ
212 ഉയർന്ന സ്കോർ
മായാങ്ക് അഗർവാൾ
4 ഇന്നിംഗ്സുകൾ
340 റൺസ്
2 സെഞ്ച്വറികൾ
215 ഉയർന്ന സ്കോർ
വിരാട് കൊഹ്‌ലി
4 ഇന്നിംഗ്സുകൾ
317 റൺസ്
1 സെഞ്ച്വറി
254 ഉയർന്ന സ്കോർ
അജിങ്ക്യ രഹാനെ
4 ഇന്നിംഗ്സുകൾ
216 റൺസ്
1 സെഞ്ച്വറി
1 അർദ്ധസെഞ്ച്വറി
രവീന്ദ്ര ജഡേജ
4 ഇന്നിംഗ്സുകൾ
212 റൺസ്
2 അർദ്ധസെഞ്ച്വറി
13 വിക്കറ്റുകൾ.
ആർ. അശ്വിൻ
6 ഇന്നിംഗ്സുകൾ
138 ഓവറുകൾ
15 വിക്കറ്റുകൾ
7/145 മികച്ച പ്രകടനം.
മുഹമ്മദ് ഷമി
6 ഇന്നിംഗ്സുകൾ
74.5 ഓവറുകൾ
13 വിക്കറ്റുകൾ
4/87 മികച്ച പ്രകടനം
ഉമേഷ് യാദവ്
4 ഇന്നിംഗ്സുകൾ
39 ഓവറുകൾ
11 വിക്കറ്റുകൾ
3/22 മികച്ച പ്രകടനം
ഓപ്പൺ എന്ന പരീക്ഷണ വേഷം വിജയകരമായി അവതരിപ്പിച്ച രോഹിത് ശർമ്മയാണ് മാൻ ഒഫ് ദ മാച്ച്. പൂനെയിൽ ഒഴികെ രോഹിതിന്റെ ബാറ്റ് വിശ്രമമില്ലാതെ ഗർജ്ജിക്കുകയായിരുന്നു 19 സിക്സുകളും 62 ബൗണ്ടറികളുമാണ് രോഹിത് പരമ്പരയിൽ ആകെ നേടിയത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടോപ് 5
(ടീം, മത്സരങ്ങൾ, വിജയം, തോൽവി, സമനില, പോയിന്റ് ക്രമത്തിൽ)
ഇന്ത്യ : 5-5-0-0-240
ന്യൂസിലൻഡ് : 2-1-1-0-60
ശ്രീലങ്ക : 2-1-1-0-60
ആസ്ട്രേലിയ : 5-2-2-1-56
ഇംഗ്ളണ്ട് : 5-2-2-1-56
ഐ.സി.സി ടെസ്റ്റ് ടീം റാങ്കിംഗ്
1. ഇന്ത്യ (119 പോയിന്റ്)
2. ന്യൂസിലൻഡ് (109)
3. ഇംഗ്ളണ്ട് (104)
4. ദക്ഷിണാഫ്രിക്ക (102)
5. ആസ്ട്രേലിയ (99)
ഇന്ത്യയ്ക്ക് ഇനിയുള്ള മത്സരങ്ങൾ
ഹോം
1. Vs ബംഗ്ളാദേശ്
3. ട്വന്റി - 20 കൾ
2. ടെസ്റ്റുകൾ
(നവംബർ 3 ന് തുടങ്ങുന്നു)
2. Vs വെസ്റ്റ് ഇൻഡീസ്
3. ട്വന്റി - 20 കൾ
ഡിസംബർ ആറിന് തുടങ്ങുന്നു
(ഡിസംബർ 8 ന് തിരുവനന്തപുരത്ത്)
3. Vs ശ്രീലങ്ക
3. ട്വന്റി - 20 കൾ
(ജനുവരിയിൽ)
4. Vs ആസ്ട്രേലിയ
3 ഏകദിനങ്ങൾ
ജനുവരിയിൽ
എവേ
1. Vs ന്യൂസിലാൻഡ്
5. ട്വന്റി - 20 കൾ
3 ഏകദിനങ്ങൾ
2 ടെസ്റ്റുകൾ
(ജനുവരി 2020 മുതൽ ഫെബ്രുവരി വരെ)
(2020 ഒക്ടോബറിൽ ട്വന്റി 20 ലോകകപ്പ് ആസ്ട്രേലിയയിൽ
ദക്ഷിണാഫ്രിക്കയുടെ തകർച്ചയ്ക്ക് പിന്നിൽ
1. ഹാഷിം അംല, എബി ഡിവില്ലിയേഴ്സ്, ജാക് കാലിസ് തുടങ്ങിയ മികച്ച താരങ്ങളുടെ കാലം കഴിഞ്ഞപ്പോൾ ഉചിതമായ പകരക്കാരെ കണ്ടെത്താനായില്ല.
2. ടീമിലെ യുവതാരങ്ങൾക്ക് ആവേശം പകരാൻ കഴിയുന്ന രീതിയിലേക്ക് സീനിയർ താരങ്ങൾക്ക് ഉയരാനായില്ല.
3. ടീം സെലക്ഷനിൽ കറുത്ത വർഗക്കാരായ കളിക്കാരെ നിശ്ചിത ശതമാനം ഉൾപ്പെടുത്തേണ്ടതിനാൽ ഉചിതമായ അനുപാതം പലപ്പോഴും പാലിക്കാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്.