ksrtc

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള ടിക്കറ്റ് കൺസെഷൻ പുനരാംഭിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു. അർഹരായവർക്ക് ഇന്നു മുതൽ ടിക്കറ്റ് ലഭിക്കും. അംഗീകൃത സ്ഥാപനങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും യാത്രാ ആനുകൂല്യം അനുവദിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ കർശന നിർദേശം നൽകിയതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സി നിലപാട് മാറ്റിയത്.

കൺസെഷനു വേണ്ടി ഡിപ്പോകളിലും ചീഫ് ഓഫീസുകളിലും കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കാൻ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. യാത്രാ ആനുകൂല്യം നിറുത്തലാക്കാനുള്ള തീരുമാനത്തിന് എതിരെ കെ.എസ്.യു,​ എസ്.എഫ്.ഐ പ്രവർത്തകർ ഇന്നലെ കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിനു മുന്നിൽ സമരം നടത്തിയിരുന്നു. രണ്ട് കെ.എസ്.യു പ്രവർത്തകർ മതിൽ ചാടിക്കടന്ന് എം.ഡിയുടെ ഓഫീലേക്ക് ഇടിച്ചു കയറാനും ശ്രമിച്ചു.

സി.ബി.എസ്.ഇ സ്‌കൂളുകളിലും തൊഴിലധിഷ്‌ഠിത കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളിലും പഠിക്കുന്ന ആയിരക്കണക്കിനു വിദ്യാർത്ഥികൾക്ക് ആശ്രയമായിരുന്ന സംവിധാനമാണ് കെ.എസ്.ആർ.ടി.സി നിറുത്തലാക്കാൻ തീരുമാനിച്ചത്. പ്ളസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് നേരത്തേ മുതൽ പൂർണ സൗജന്യ യാത്രയായതുകൊണ്ട് അവർക്ക് പ്രശ്നമില്ലായിരുന്നു. ജൂണിൽ പുതിയ അദ്ധ്യയനവർഷം തുടങ്ങിയപ്പോൾ കെ.എസ്.ആർ.ടി.സി കൺസെഷൻ അപേക്ഷ സ്വീകരിക്കുകയും അനുവദിക്കുകയും ചെയ്തിരുന്നു. പ്ളസ് ടു വരെ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിച്ച് കഴിഞ്ഞ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ്, കോർപറേഷനു വരുത്തിവയ്ക്കുന്നത് പ്രതിവർഷം 105 കോടിയുടെ ബാദ്ധ്യതയാണ്. ഇപ്പോൾ, പ്രതിസന്ധി മൂർച്ഛിച്ചപ്പോൾ അടിയന്തര സഹായം ആവശ്യപ്പെട്ടിട്ടും സർക്കാർ നൽകുന്നുമില്ല. അതാണ് കടുത്ത തീരുമാനമെടുക്കാൻ കെ.എസ്.ആർ.ടി.സിയെ പ്രേരിപ്പിച്ചത്.

കൺസെഷൻ ടിക്കറ്റ്

യഥാർത്ഥ ടിക്കറ്റ് നിരക്കിന്റെ പത്ത് ശതമാനം മാത്രമാണ് കൺസെഷൻ നിരക്ക്. സ്വകാര്യ, സമാന്തര കോളേജുകളിലെ വിദ്യാർത്ഥികളിൽ നിന്ന് 50% തുക ഈടാക്കും.. ആനുകൂല്യം നിരസിക്കപ്പെട്ടതോടെ 308 സ്ഥാപനങ്ങളാണ് പരാതിയുമായി ഗതാഗതവകുപ്പിനെയും കെ.എസ്.ആർ.ടി.സി എം.ഡിയെയും സമീപിച്ചത്. ഇതിൽ 260 എണ്ണം സി.ബി.എസ്.ഇ സ്കൂളുകളാണ്.