തിരുവനന്തപുരം: ചെമ്പഴന്തി സ്വദേശി റിട്ട. എ.എസ്.എെ കൃഷ്‌ണൻകുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി ബ്രൂസിലി എന്ന ബിനിൽ കുറ്രക്കാരനെന്ന് നാലാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. സംഭവം നടന്ന് 21 വർഷങ്ങൾക്ക് ശേഷമാണ് കേസിന്റെ വിചാരണ നടക്കുന്നത്. 1998 മേയ് 21നാണ് കൃഷ്‌ണൻകുട്ടിയെ ആക്രമിച്ചത്. പ്രതികളെ ദേഹോപദ്രവം ഏല്പിച്ചെന്ന് ആരോപിച്ചാണ് പൊലീസിൽ നിന്ന് വിരമിച്ച് ദിവസങ്ങൾക്കകം കൃഷ്‌ണൻകുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. ഒന്നാം പ്രതി എൽ.ടി.ടി കബീർ അട്ടക്കുളങ്ങര ജയിലിന് മുമ്പിൽ വച്ച് നടന്ന ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കേസിൽ ആകെ ഒമ്പത് പ്രതികളാണുണ്ടായിരുന്നത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ഒമ്പതാംപ്രതി ഹുസെെനെ കോടതി നേരത്തേ വെറുതേ വിട്ടിരുന്നു. മറ്ര് ആറ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കൃഷ്‌ണൻകുട്ടിയുടെ ഭാര്യയുടെയും മക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്രക്കാരനെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ വെമ്പായം എ.എ. ഹക്കീം ഹാജരായി.