തിരുവനന്തപുരം: പ്രളയബാധിതരുടെ പുനരധിവാസത്തിന് നൽകുന്ന ദാനാധാരങ്ങൾക്ക് മുദ്രവിലയിലും രജിസ്‌ട്രേഷൻ ഫീസിലും 2020 മാർച്ച് 31 വരെ ഇളവ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
റീബിൽഡ് കേരള:
: 40 തസ്തികകൾ
റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ള പദ്ധതികളുടെ നടത്തിപ്പിന് 40 തസ്തികകൾ സൃഷ്ടിക്കും. കരാർ അടിസ്ഥാനത്തിലും ഡെപ്യൂട്ടേഷൻ വഴിയുമായിരിക്കും നിയമനം.
വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിമുക്തി മിഷന്റെ നേതൃത്വത്തിൽ സമഗ്രമായ ബോധവൽക്കരണ പരിപാടി നടപ്പാക്കും.
ഒളവണ്ണയിൽ
കൾച്ചറൽസെന്റർ
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ വില്ലേജിൽ സ്ഥാപിക്കുന്ന ഇൻഡോ - ഷാർജ കൾച്ചറൽ സെന്ററിനും വൈക്കം മുഹമ്മദ് ബഷീർ സാംസ്കാരിക സമുച്ചയത്തിനും അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിനുമായി മുപ്പത് ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കും. ഇതിനുള്ള തുക കിഫ്ബിയിൽ നിന്ന് ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം ഷാർജാ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ക്വാസിമി 2017-ൽ കേരളം സന്ദർശിച്ചപ്പോഴാണ് കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരം ശ്രീചിത്രാഹോമിലെ ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്കരണാനുകൂല്യം നൽകും.
ബോട്ട് യാത്രാനിരക്ക്
3 കി.മീറ്ററിന് 6 രൂപ
സംസ്ഥാന ജലഗതാഗത വകുപ്പിലെ ബോട്ടു യാത്രാനിരക്ക് ഏറ്റവും കുറഞ്ഞത് മൂന്നു കിലോമീറ്റർ ദൂരത്തിന് 6 രൂപയായി നിശ്ചയിക്കും.
മലബാർ ദേവസ്വം ബോർഡിൽ 21 എൻട്രി കേഡർ തസ്തികകൾ അനുവദിക്കും. മുഴുവൻ ശമ്പളച്ചെലവും ദേവസ്വം ബോർഡ് തന്നെ വഹിക്കണമെന്ന വ്യവസ്ഥയോടെയാണിത്.
16 മലയാളം അദ്ധ്യാപക
തസ്തികകൾ
നെടുമങ്ങാട് ഗവ. കോളേജ് (4), പാലക്കാട് ഗവ. വിക്‌ടോറിയ കോളേജ് (4), ചാലക്കുടി പി.എം ഗവ. കോളേജ് (4), പത്തനംതിട്ട ഇലന്തൂർ ഗവ. കോളേജ് (1), നിലമ്പൂർ ഗവ. കോളേജ് (1), കരുനാഗ പ്പള്ളി തഴവ ഗവ. കോളേജ് (2) എന്നീ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലേക്കായി 16 മലയാളം അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കും.
ഭൂജല വകുപ്പിലെ 206 എസ്.എൽ.ആർ ജീവനക്കാർക്ക് 2014 ജൂലായ് ഒന്ന് മുതലുള്ള പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കും.
ഐ.എച്ച്.ആർ.ഡിയിലെയും അതിന് കീഴിലെ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളസ്കെയിൽ പത്താം ശമ്പളപരിഷ്കരണത്തിന് ആനുപാതികമായി വർദ്ധിപ്പിക്കും.