photo

നെടുമങ്ങാട് : സ്വന്തമായി ഭൂമി ഇല്ലെങ്കിലും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കാണോ, ഏക്കർ കണക്കിന് ഭൂമി തരിശിട്ടിരിക്കുന്ന ഭൂവുടമയ്ക്കാണോ കാർഷിക വായ്‌പ നൽകേണ്ടത് ?.മോഡറേറ്റർ ചോദിച്ചു തീരും മുമ്പെ മറുപടിയെത്തി. 'കൃഷി ചെയ്യുന്നവർക്ക്".നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ ഇന്നലെ നടന്ന കർഷക അനുഭവ സമ്മേളന വേദിയിലായിരുന്നു വേറിട്ട കാഴ്ച. താലൂക്കിലെ യഥാർത്ഥ കർഷകരുടെ വിവര ശേഖരണത്തോടൊപ്പം സഹകരണ കാർഷിക സ്വയംസംരംഭക പദ്ധതികൾ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെ പാലോട് കാർഷിക ഗ്രാമവികസന ബാങ്ക് നടത്തിയ അനുഭവ സമ്മേളനം അക്ഷരാർത്ഥത്തിൽ കർഷക വിലാപമായി മാറി. എട്ട് പശുക്കളെയും 600 കോഴികളെയും വളർത്തുന്നതിന് പുറമെ, നെൽകൃഷിയിലും വാഴകൃഷിയിലും നേട്ടം കൊയ്ത ജയലക്ഷ്മിക്ക് ചാണകവും ജൈവ വളവും വിളവുകളും വില്ക്കാൻ മതിയായ വിപണി ഇല്ലെന്ന പരാതിയായിരുന്നു. ശ്രീജിത്,ആനകുളം ഗീത,മാണിക്കൽ ചന്ദ്രൻ,ജോയ്,സദാനന്ദൻ,സെൽവരാജ്,സദാനന്ദൻ,സുരേന്ദ്രൻ,ബാലകൃഷ്ണൻ എന്നീ കർഷകരും വിപണിയിലെ അപാകത ചൂണ്ടിക്കാട്ടി. സഹകരണ സംഘങ്ങൾ ഗുണമേന്മയുള്ള മുട്ടയും പാലും വിൽക്കാൻ ഔട്ട് ലെറ്റുകൾ തുടങ്ങണമെന്നും കർഷകർ നിർദേശിച്ചു.

തേൻ വിപണിയിലെ തിരിച്ചടികളെ പറ്റിയായിരുന്നു വിതുര ഷാഫി,തച്ചൻകോട് മനോഹരൻ നായർ,നഹാസ് എന്നിവരുടെ പരാതി. വന്യമൃഗശല്യം, പാട്ടക്കരാർ കൃഷിയിലെ പ്രതിസന്ധികൾ, ഗുണനിലവാരമുള്ള വിത്തുകളുടെ ലഭ്യതക്കുറവ്, തീറ്റ വിലയിലെ വർദ്ധനവ്, മാലിന്യപ്രശ്‌നങ്ങൾ എന്നിവയും കർഷക സമ്മേളനത്തിൽ ചർച്ചയായി. കൃഷി ഓഫീസർ എസ്.ജയകുമാർ മോഡറേറ്ററായി. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റുമായി സഹകരിച്ചാണ് ബാങ്ക് അനുഭവ സമ്മേളനത്തിന് വേദി ഒരുക്കിയത്. തുടർ പ്രവർത്തനങ്ങൾക്കായി 11 അംഗ കർഷക കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ മുഖ്യാതിഥിയായിരുന്നു. ബാങ്ക് പ്രസിഡന്റ് എസ്.സഞ്ജയന്റെ അദ്ധ്യക്ഷതയിൽ ഐ.സി.എം ഡയറക്ടർ ആർ.കെ മേനോൻ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് സെക്രട്ടറി വൈജുകുമാർ സ്വാഗതം പറഞ്ഞു.