ചിറയിൻകീഴ്: ക്ഷീര കാർഷിക മേഖലയുടെ തകർച്ചയ്‌ക്ക് വഴിതെളിക്കുന്ന ആർ.എസ്.ഇ.പി കരാർ ഒപ്പിടാനുള്ള നീക്കത്തിൽ നിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. സംസ്ഥാന സർക്കാർ മിൽക്കോയുടെ സഹകരണത്തോടെ കിടാരിപ്പാർക്കിൽ വളർത്തിയെടുത്ത പശുക്കളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കരാറിൽ ഒപ്പിടുന്നതോടെ ന്യൂസിലാൻഡ് പോലുള്ള രാജ്യങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിലേക്ക് പാലും പാൽ ഉത്പന്നങ്ങളുമെത്തും. ഇത് ക്ഷീര കർഷകരെ നഷ്ടത്തിലാക്കുമെന്നും, കരാറിൽ നിന്നു പിന്മാറുകയോ ക്ഷീരമേഖലയെ കരാറിൽ നിന്നു ഒഴിവാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിടാരി പാർക്കിലേക്ക് മൃഗ ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ, ജില്ലാ പഞ്ചായത്തംഗം ശ്രീകണ്ഠൻനായർ, അണ്ടൂർ ക്ഷീര സംഘം പ്രസിഡന്റ് മനോജ് ബി. ഇടമന, ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ചന്ദ്രശേഖരൻനായർ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എസ്. ഫിറോസ് ലാൽ, തൃദീപ്കുമാർ, മിൽകോ സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു. മിൽകോ പ്രസിഡന്റ് പഞ്ചമം സുരേഷ് സ്വാഗതവും വിമലാകുമാരി അമ്മാൾ നന്ദിയും പറഞ്ഞു.