kerala-legislative-assemb
KERALA LEGISLATIVE ASSEMBLY

തിരുവനന്തപുരം: തോട്ടഭൂമി തരം മാറ്റുന്നതും തുണ്ടുകളാക്കി മുറിച്ചുവിൽക്കുന്നതും തടയാൻ കേരള ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

പ്രത്യേക ആവശ്യങ്ങൾക്കായി ഇളവ് നൽകിയ ഭൂമി, മറ്റ് ആവശ്യങ്ങൾക്കായി തരം മാറ്റുയോ വിൽക്കുയോ ചെയ്താൽ ഈ ഭൂമിയും സ്ഥാവര - ജംഗമ വസ്തുക്കളും സർക്കാരിലേക്ക് നിക്ഷിപ്തമാക്കാനുള്ള ഭേദഗതിയാണ് കൊണ്ടുവരുന്നത്. ഭൂപരിഷ്‌കരണ നിയമത്തിലെ 81-ാം വകുപ്പ് പ്രകാരം ഇളവ് ലഭിച്ച ഭൂമി തുണ്ടുകളാക്കി വില്പനയിലൂടെയോ അല്ലാതെയോ കൈമാറ്റം ചെയ്യുന്നത് തടയും. ഇതിനായി നിയമത്തിൽ 87എ എന്ന പുതിയ വകുപ്പ് ഉൾപ്പെടുത്തും. ഇതുവഴി വാങ്ങുന്നയാളുടെ ഭൂമി തരം മാറ്റിയാലും നടപടിയുണ്ടാകും. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചെങ്കിലും ഭേദഗതിക്കു കേന്ദ്ര സർക്കാരിന്റെ അംഗീകാരം കൂടി ലഭിക്കുമ്പോഴാണ് നിയമമാവുക. നിയമം നിലവിൽ വന്ന ശേഷം തരം മാറ്റുന്ന ഭൂമിയാണ് നിയമത്തിന്റെ പരിധിയിൽ പെടുകയെന്ന് റവന്യൂ വൃത്തങ്ങൾ അറിയിച്ചു.
പാരിസ്ഥിതിക ദുരന്തങ്ങൾ കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നുള്ള ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖലയാക്കാനും മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി.