തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദിന് കാബിനറ്റ് പദവി നൽകാൻ സർക്കാർ തീരുമാനം. പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെ അധിക ബാദ്ധ്യതകൾ ഉണ്ടാകാതെയാണ് പദവി നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു. നിലവിലെ സ്റ്റാഫ് അല്ലാതെ ഒരാളെയും അധികമായി നിയമിക്കില്ല. കാറും മറ്റു സംവിധാനങ്ങളും ഇപ്പോഴത്തേതുപോലെ തുടരും.
സംസ്ഥാന സർക്കാരിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്ന അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽകുമ്പോൾ, വിവിധ വകുപ്പുകളുടെ കേസ് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഫയൽ ആവശ്യപ്പെട്ട് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്കും ഗവൺമെന്റ് സെക്രട്ടറിമാർക്കും ഇനി മുതൽ എ.ജിക്ക് കത്തു നൽകാനാകുമോയെന്ന സംശയം ചില മന്ത്രിമാർ യോഗത്തിൽ ഉന്നയിച്ചെങ്കിലും തീരുമാനം അംഗീകരിക്കുകയായിരുന്നു. എ.ജിക്ക് കാബിനറ്റ് പദവി നൽകാനുള്ള നിർദ്ദേശം നേരത്തേ മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും എതിർപ്പുകളെ തുടർന്ന് മാറ്റിവച്ചിരുന്നു.
എ.ജിക്കു കൂടി കാബിനറ്റ് പദവി നൽകിയതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമേ കാബിനറ്റ് പദവി വഹിക്കുന്നവരുടെ എണ്ണം അഞ്ചായി. ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ, സർക്കാർ ചീഫ് വിപ്പ് കെ. രാജൻ, മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ അദ്ധ്യക്ഷൻ ആർ. ബാലകൃഷ്ണപിള്ള, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്ത് എന്നിവർക്കാണ് നിലവിൽ കാബിനറ്റ് പദവിയുള്ളത്.