psc
പി.എസ്.സി

തിരുവനന്തപുരം: കേരള ഭരണ സർവീസിലേക്ക് (കെ.എ.എസ്) അപേക്ഷ ക്ഷണിക്കുന്നതിനായി തയ്യാറാക്കിയ കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച് അടുത്ത പി.എസ്.സി യോഗത്തിൽ അന്തിമ തീരുമാനമാകും. ചൊവ്വാഴ്ച ചേർന്ന പി.എസ്.സി യോഗത്തിൽ കരട് അവതരിപ്പിച്ചിരുന്നു. നവംബർ ഒന്നിന് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചാണ് കരട് തയ്യാറാക്കിയത്. ഒഴിവുകളുടെ കാര്യത്തിലും പാഠ്യപദ്ധതിയെക്കുറിച്ചും പി.എസ്.സി സർക്കാരുമായി ഈയാഴ്ച അവസാനവട്ട കൂടിയാലോചന നടത്തും. വരുന്ന തിങ്കളാഴ്ചയാണ് കമ്മിഷൻ ഇനി യോഗം ചേരുക.
ഒഴിവുകൾ കണക്കാക്കുന്നത് വൈകിയാൽ പ്രതീക്ഷിത ഒഴിവുകൾ എന്ന നിലയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചേക്കും. ജൂനിയർ ടൈം സ്‌കെയിൽ ട്രെയിനി എന്നാണ് കെ.എ.എസ് പ്രവേശന തസ്തികയുടെ പേര്. റാങ്ക്പട്ടികയ്ക്ക് ഒരു വർഷത്തെ കാലാവധിയുണ്ടാകും. ഐ.എ.എസിനു സമാനമായി ഒരുമിച്ച് നിയമനശുപാർശ അയച്ച് പരിശീലനം നൽകുന്നതാണ് രീതി.


കൂടുതൽ വിശദാംശങ്ങൾ വേണമെന്ന് അംഗങ്ങൾ

കെ.എ.എസ് തിരഞ്ഞെടുപ്പ് നടപടികളുടെ കുറേക്കൂടി വിശദാംശങ്ങൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തണമെന്ന് കരട് അവതരണത്തിനു ശേഷം പി.എസ്.സി അംഗങ്ങൾ നിർദ്ദേശിച്ചു. പ്രാഥമിക പരീക്ഷ, അന്തിമ പരീക്ഷ, അഭിമുഖം എന്നിവയുടെ ഏകദേശ തീയതികൾ വിജ്ഞാപനത്തിൽ ചേർക്കണം. ഭിന്നശേഷി സംവരണത്തിനുള്ള വ്യവസ്ഥകൾ, തസ്തികകളുടെ വിശദാംശങ്ങൾ, പരീക്ഷാഘടന തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്തണമെന്ന് അംഗങ്ങൾ നിർദേശിച്ചു.