-bishop-franco-mulakkal

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ആരോപിച്ച്‌ കന്യാസ്ത്രീ വനിതാകമ്മിഷനിൽ പരാതി നൽകി. ഫ്രാങ്കോയ്‌ക്കെതിരായ മാനഭംഗക്കേസിൽ ഇരയായ കന്യാസ്ത്രീയാണ് ദേശീയ, സംസ്ഥാന വനിതാ കമ്മിഷൻ മുമ്പാകെ ഇന്നലെ പരാതി നൽകിയത്.

അനുയായികളിലൂടെ യുട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളയ്ക്കൽ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് പരാതി. ഇരയെ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലുമാണ്‌ വീഡിയോകൾ പ്രചരിപ്പിക്കുന്നത്. യുട്യൂബ് ചാനലിന്റെ പേരും വീഡിയോ ലിങ്കുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തശേഷം ഫ്രാങ്കോ മുളയ്ക്കലിന്റെ നേതൃത്വത്തിൽ ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.


മാനഭംഗക്കേസ്‌ വിചാരണ 11ന്

ഫ്രാങ്കോ മുളയ്ക്കലിനെതിരായ മാനഭംഗക്കേസിന്റെ വിചാരണ നവംബർ 11ന് ആരംഭിക്കാനിരിക്കെയാണ് കന്യാസ്ത്രീയുടെ പുതിയ പരാതി. അന്ന്‌ കോട്ടയം അഡിഷണൽ ജില്ലാ സെഷൻസ്‌ കോടതിയിൽ ഫ്രാങ്കോ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട്‌ പൊലീസ് ജലന്ധറിലെത്തി സമൻസ് കൈമാറിയിട്ടുണ്ട്. പാലാ കോടതിയാണ്‌ കേസ് ആദ്യം പരിഗണിച്ചിരുന്നത്. തുടർന്നാണ്‌ കോട്ടയം അഡിഷണൽ സെഷൻസ്‌ കോടതിയിലേക്ക് മാറ്റിയത്.

പരാതി അതീവഗൗരവമുള്ളത്

''ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലഭിച്ച പരാതി അതീവ ഗൗരവമുള്ളതാണ്. ഡി.ജി.പിയോടും സൈബർ പൊലീസിനോടും 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടും. മാനഭംഗം സംബന്ധിച്ച്‌
നേരത്തേ കമ്മിഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോട്ടയം എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുവെന്നാണ് അതു സംബന്ധിച്ച് പറയുന്നത്. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കേസുകൾ നിലനിൽക്കെ കന്യാസ്ത്രീകൾക്കെതിരെ പ്രവർത്തിക്കുന്നത് അനുവദിക്കാനാവില്ല.

-എം.സി. ജോസഫൈൻ,​ വനിതാ കമ്മിഷൻ അദ്ധ്യക്ഷ