
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികളുടെ വീട്ടിൽ നിന്ന് കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പിടികൂടിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു.
ഇതേക്കുറിച്ചുള്ള അന്വേഷണം നേരത്തേ ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. ഉത്തരക്കടലാസുകൾ ചോർന്നത് കേരള സർവ്വലാശാലയുടെ കേന്ദ്രീകൃത മൂല്യനിർണ ക്യാമ്പിൽ നിന്നാണെന്നാണ് വിവരം. 2016, 2017, 2018 വർഷത്തെ 45 ഉത്തരകടലാസുകൾ ചോർന്നുവെന്ന് രജിസ്ട്രാർ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഏറെ വിവാദമായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിന്റെ അന്വേഷണത്തിനിടെയാണ് മുഖ്യപ്രതികളിലൊരാളായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.