mullappally

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിനും കാബിനറ്റ് പദവി നൽകിയതിലൂടെ കേരള രാഷ്ട്രീയത്തിലെ മുടിയനായ പുത്രനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെളിയിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
20 മന്ത്രിമാർക്ക് പുറമെ കാബിനറ്റ് പദവിക്കാരുടെ എണ്ണം അഞ്ചായി. അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽകേണ്ട പ്രത്യേക സാഹചര്യം എന്തെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രിയും നിയമ മന്ത്രിയും തയ്യാറാകണം. ഇഷ്ടക്കാർക്ക് കാബിനറ്റ് പദവി നൽകുന്നത് പിണറായി സർക്കാരിന്റെ പതിവ് പരിപാടിയായി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് ഇടതുസർക്കാരിന്റെ അനാവശ്യ ധൂർത്ത്. സംസ്ഥാനത്ത് കാബിനറ്റ് റാങ്കുകാരെ തട്ടി നടക്കാനാവാത്ത അവസ്ഥയാണ്. ഇവർക്കൊല്ലാം ഔദ്യോഗിക വസതി, ജീവനക്കാർ, വാഹനം തുടങ്ങിയവയ്ക്കും സർക്കാർ ചെലവാക്കേണ്ടത് കോടികളാണ്. പ്രതിവർഷം നികുതിദായകന്റെ എത്രകോടിയാണ് ഇത്തരം ചെലവുകളുക്കായി സർക്കാർ പാഴ്ക്കുന്നതെന്ന് പൊതുജനത്തിന് മുന്നിൽ വിശദീകരിക്കണം.
പുരകത്തുമ്പോൾ വാഴവെട്ടുന്ന സമീപനമാണ് മുഖ്യമന്ത്രിക്കും സംസ്ഥാന മന്ത്രിമാർക്കും. ജീവിക്കാൻ കഷ്ടപ്പെടുന്ന ജനതയോടുള്ള പിണറായി സർക്കാരിന്റെ വെല്ലുവിളിയാണ് ഇഷ്ടക്കാർ നൽക്കുന്ന ഇത്തരം പ്രത്യേക പദവികൾ. മാദ്ധ്യമ ഉപദേഷ്ടാവ്, സാമ്പത്തിക ഉപദേഷ്ടാവ് തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപദേശകസംഘത്തിന്റെ ബഹളമാണ്. ഇതിന് പുറമെയാണ് ഒരു ലക്ഷത്തിലധികം പ്രതിമാസ ശമ്പളനിരക്കിൽ അടുത്തകാലത്ത് ലെയ്‌സൺ ഓഫീസറായി വേലപ്പൻ നായരെ മുഖ്യമന്ത്രി നിയമിച്ചത്. സുരക്ഷയുടെയും വാഹന ആഡംബരത്തിന്റെയും പേരിലും മുഖ്യമന്ത്രിയും മന്ത്രിമാരും പൊടിക്കുന്നതും കോടികളാണ്. ഭരണകാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ ഇവർക്ക് താല്പര്യമില്ല. ഓരോ വകുപ്പിലും ആയിരക്കണക്കിന് ഫയലുകളാണ് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. വിദേശപര്യടന വേളയിൽ മുഖ്യമന്ത്രിയുടെ സ്വകാര്യ സുരക്ഷക്കായി നൽകിയതും ലക്ഷങ്ങളാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമാണ് ലഭിച്ചത്? സംസ്ഥാന സർക്കാരിന്റെ ഇത്തരം ചെയ്തികൾക്കെതിരെ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.