തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം 31ന് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.സംസ്ഥാനതല രക്തസാക്ഷിത്വദിനാചരണ പരിപാടികളുടെ ഭാഗമായി കെ.പി.സി.സിയിൽ രാവിലെ 10ന് പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. ജില്ലാ, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും വിപുലമായ പരിപാടികളോടെ രക്തസാക്ഷിത്വ ദിനം ആചരിക്കും. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് മൗന പ്രാർത്ഥന നടത്തും. ഐക്യദാർഢ്യ പ്രതിജ്ഞ, ഇന്ദിരാജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന, സർവമത പ്രാർത്ഥന, അനുസ്മരണ ചടങ്ങുകൾ, രക്തദാന ക്യാമ്പുകൾ, അന്നദാനം, ദേശീയ അഖണ്ഡതയെക്കുറിച്ച് സെമിനാറുകൾ, സിമ്പോസിയങ്ങൾ എന്നിവയും സംഘടിപ്പിക്കും.