1

തിരുവനന്തപുരം: ദുരന്തങ്ങൾ നേരിടാൻ ജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്ന 'മാപ്പത്തോൺ കേരള' പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു.

പാപ്പനംകോട് എൻജിനിയറിംഗ് കോളേജിൽ സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോം കേരളയുടെ ഉദ്ഘാടനത്തിനൊപ്പം വീഡിയോ കോൺഫറൻസിലൂടെയായിരുന്നു തുടക്കം കുറിച്ചത്.
കഴിഞ്ഞ രണ്ടു പ്രളയകാലത്തും വിശദമായ ഭൂപടങ്ങളുടെ ആവശ്യകത ബോദ്ധ്യപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ചുറ്റുവട്ടത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കാനും പ്രാദേശികമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഇത് ആവശ്യമാണ്. പ്രളയജലത്തെ വേഗം വഴിതിരിച്ചുവിടാവുന്ന മാർഗങ്ങൾ, പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെ മാറ്റാവുന്ന വഴികൾ, ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർക്ക് എത്താനുള്ള ബദൽ മാർഗങ്ങൾ എന്നിവയൊക്കെ മുൻകൂട്ടി നിശ്ചയിക്കാൻ കഴിയണം. അതിനാണ് ഇൗ മാപ്പത്തോൺ പദ്ധതി. ഓപ്പൺ സ്ട്രീറ്റ് മാപ്പ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയാണ് മാപ്പത്തോൺ കേരള ഭൂപടം തയ്യാറാക്കുക.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളേയും ടെലി പ്രസൻസ് സങ്കേതത്താൽ ബന്ധിപ്പിച്ച് എൻജിനിയറിംഗ്, ഡിസൈൻ, ശാസ്ത്ര സാങ്കേതിക നൈപുണ്യ പരിശീലനം നടത്തുകയാണ് സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. നാലു വർഷം കൊണ്ട് അരലക്ഷം വിദ്യാർത്ഥികൾക്കു പരിശീലനം നൽകും. കേരളത്തിന്റെ സംരംഭമായ 'കോക്കോണിക്‌സ്' ലാപ്‌ടോപ്പുകളാണ് സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോമിൽ ഉപയോഗപ്പെടുത്തുക.