
തിരുവനന്തപുരം: കണ്ടക ശനി കൊണ്ടേ പോവൂ... എന്നെഴുതിയ ടി ഷർട്ട് ഇട്ടു നടന്നെന്നു കരുതി ഒരു ശനിയും കൊണ്ടുപോകില്ല. എന്നാൽ പഴഞ്ചൊല്ല് എഴുതിപിടിപ്പിച്ച ടി ഷർട്ടുമിട്ട് കഞ്ചാവ് പൊതികൾ വിറ്റാൽ പൊലീസ് കൊണ്ടുപോകും!. പൗഡിക്കോണം പാലത്തറ മടത്തുവിളാകത്ത് വീട് വാടകക്കെടുത്ത് കഞ്ചാവ് വില്പന നടത്തിയ സംഘത്തിലെ അനന്തുവാണ് (20) ഒരു സ്റ്റൈലിന് ' കണ്ടക ശനി കൊണ്ടേ പോവൂ' എന്നെഴുതിയ ടി.ഷർട്ട് ധരിച്ച് നടന്നത്. ഷാഡോ പൊലീസ് പൊക്കിയപ്പോഴും അതായിരുന്നു വേഷം. ഇതേ കുറ്റത്തിന് സഹോദരൻ നെയ്യാറ്റിൻകര മഞ്ചവിളാകം സ്കൂളിന് സമീപം വാടകക്ക് താമസിക്കുന്ന വിഷ്ണുവിനേെയും (19) കൂട്ടുകാരായ പേട്ട ആനയറ കമ്പിക്കകം മുടുമ്പിൽ വീട്ടിൽ ആകാശ് (18), പള്ളിച്ചൽ പുന്നമൂട് സ്‌കൂളിന് സമീപം തുഷാര ഭവനിൽ ഷാൻ (18) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളേയും ശ്രീകാര്യം പൊലീസ് അറസ്റ്റുചെയ്തു. തലസ്ഥാന നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ കഞ്ചാവ് ലോബിയുടെ മുഖ്യകണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവർ ചെറുസംഘങ്ങളായി തിരിഞ്ഞ് വീട് വാടകക്ക് എടുത്ത് സ്കൂൾ കോളേജുകളിൽ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുകയാണ്. ഫോൺ മുഖാന്തിരം വിളിക്കുന്നവർക്കാണ് ഇവർ കഞ്ചാവ് നൽകുന്നത്. ഇവരുടെ പക്കൽ നിന്ന് ഇരുന്നൂറു രൂപക്കുള്ള 128 കഞ്ചാവ് പൊതികളാണ് കണ്ടെടുത്തത്. ഡി.സി.പിമാരായ ആർ. ആദിത്യ മുഹമ്മദ് ആരിഫ്, ജില്ലാ ക്രൈം ബ്രാഞ്ച് എ.സി സന്തോഷ് എം.എസ്, സ്‌പെഷ്യൽ ബ്രാഞ്ച് ഏ.സി. പ്രമോദ് കുമാർ, ശ്രീകാര്യം എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ്, എസ്.ഐ സജികുമാർ ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.