temple

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മതീർത്ഥക്കരയിൽ വർഷങ്ങളായി മണ്ണുമൂടിക്കിടന്ന കല്ലാനയ്ക്ക് ഒടുവിൽ മോക്ഷം. കല്ലാനയെ പൂർവ സ്ഥാനത്ത് രണ്ടടിയോളം ഉയരത്തിൽ പീഠം കെട്ടി സ്ഥാപിച്ചു. ഇന്നലെ രാവിലെ ക്രെയിൻ ഉപയോഗിച്ചാണ് ആനയെ പുനഃസ്ഥാപിച്ചത്. പീഠം ഉറപ്പിച്ചശേഷം ചുറ്റും ഇരുമ്പുവേലി നിർമ്മിക്കും. ശില്പത്തിന്റെ ഒരു ഭാഗത്ത് മാത്രമേ ആനയുടെ ചെവിയും മറ്റുമുള്ളൂ. അംഗഭംഗം സംഭവിച്ച ശില്പം പൂജയ്ക്ക് ഉപയോഗിച്ചിരുന്നില്ലെന്നാണ് കരുതുന്നത്. പദ്മതീർത്ഥത്തിന്റെ കിഴക്കേക്കരയിൽ അഭേദാശ്രമത്തിന് സമീപത്ത് മണ്ണുമൂടിയ നിലയിലായിരുന്നു കല്ലാന കിടന്നിരുന്നത്. ഓപ്പറേഷൻ അനന്തയുടെ ഭാഗമായി അന്നത്തെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നവീകരണം നടന്നപ്പോൾ കല്ലാനയെ നീക്കം ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. അന്ന് കല്ലാനയെ നീക്കം ചെയ്യാതെ അവിടെ തന്നെ ഉപേക്ഷിച്ചു. പിന്നീട് ആരുടെയും ശ്രദ്ധ കിട്ടാതെ മണ്ണ് വന്ന് മൂടിയ കല്ലാനയെ സ്വദേശി ദർശൻ പദ്ധതിയിലുൾപ്പെടുത്തി ഒരു മാസം മുമ്പാണ് പുറത്തെടുത്തത്. സംസ്ഥാന നിർമ്മിതി കേന്ദ്രയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസർ വി. രതീശൻ, മാനേജർ ബി. ശ്രീകുമാർ, ചീഫ് എൻജിനിയർ ആർ. സനിൽകുമാർ, നിർമ്മിതി കേന്ദ്ര ചീഫ് എൻജിനിയർ ആർ. ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പുനഃസ്ഥാപനം നടന്നത്.

കല്ലാന രാമരാജ ബഹദൂറിലും

സി.വി രാമൻപിള്ളയുടെ ചരിത്രാഖ്യായികയായ രാമരാജബഹദൂറിലും കല്ലാനയെപ്പറ്റി പരാമർശമുണ്ട്. രാമരാജബഹദൂറിലെ കഥാപാത്രമായ അഴകൻപിള്ള ഒരു കല്ലാനയുടെ പിന്നിൽ ഒളിച്ചിരിക്കുന്നതായി പരാമർശമുണ്ട്. കരിങ്കല്ലിൽ കൊത്തിയെടുത്ത ഈ കല്ലാനയെയാണ് സി.വി ഉദ്ദേശിച്ചതെന്നാണ് കരുതുന്നത്.