bishop-susai-pakiyam

തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ തനിക്ക് വേണ്ടി പ്രാർത്ഥിച്ച നാനാജാതി മതസ്ഥർക്കും ദൈവത്തിനും നന്ദി രേഖപ്പെടുത്തി ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പും കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി ) അദ്ധ്യക്ഷനുമായ ഡോ. എം. സൂസപാക്യം ഇടയലേഖനം ഇറക്കി.

ദൈവം ഏൽപിച്ച ദൗത്യം അവിടുത്തെ ആഗ്രഹത്തിനൊത്ത് പൂർണമായി താൻ നിറവേറ്റിയിട്ടില്ല. അതിനാലാണ് തന്നെ മരണത്തിന്റെ വക്കിൽ നിന്നു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ദൈവം നിശ്ചയിച്ച സമയത്ത് ദൈവേഷ്ടം നിറവേറ്റി അവിടുത്തെ പക്കലേക്കു പറന്നുയരാൻ തനിക്കുവേണ്ടി തുടർന്ന് പ്രാർത്ഥിക്കണമെന്നും ഇടയ ലേഖനത്തിൽ പറയുന്നു. രോഗാവസ്ഥ വഷളായിക്കൊണ്ടിരുന്നപ്പോൾ സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തുദാസ്, കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായ്ക്കൊപ്പം ഡോക്ടർമാരെ സമീപിച്ചു യഥാർഥ അവസ്ഥ രഹസ്യമായിട്ടെങ്കിലും വെളിപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. വൈദ്യ ശാസ്ത്രത്തിന് സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ദൈവികമായ ഇടപെടലിനു മാത്രമേ എന്തെങ്കിലും പ്രതീക്ഷ നൽകാനാവൂ എന്നുമുള്ള സൂചനയാണ് അവർക്കു ലഭിച്ചത്. മറ്റൊരു പോംവഴിയും കാണാതെ അവർ തനിക്കു രോഗീലേപനം തന്ന ശേഷം നിറകണ്ണുകളോടെ മടങ്ങിയതായി അറിയാൻ കഴിഞ്ഞെന്നും ഇടലേഖനത്തിൽ പറയുന്നു.

ഇടയ ലേഖനം 27ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പള്ളികളിൽ ദിവ്യബലിക്കിടെ വായിക്കും.