പാറശാല: ഞവരയരി കൃഷിയിൽ വീണ്ടും നൂറുമേനി വിളയിച്ച് ചെങ്കൽ സായികൃഷ്ണ സ്‌കൂൾ. പരമ്പരാഗത രീതിയിൽ എന്നാൽ ആധുനിക ചിന്താ പദ്ധതികളിലൂടെയാണ് ചെങ്കൽ നെടുങ്കുളത്തിൻകരയിലെ രണ്ട് ഏക്കറോളം വരുന്ന പാടത്ത് കൃഷിയിറക്കിയത്. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച നെൽകൃഷിയിലെ അഞ്ചാം ഘട്ട വിളവെടുപ്പാണ് ഇന്നലെ നടന്നത്. ഔഷധ മൂല്യമുള്ള ' ഞവര ' ആണ് ഇത്തവണ കൃഷിയിറക്കിയതെങ്കിലും നൂറ് മേനി കൊയ്‍ത സന്തോഷത്തിലാണ് വിദ്യാർത്ഥികളും സ്‌കൂൾ അധികൃതരും. ഒരു ടൺ അരി ലഭിക്കുമെന്ന വിശ്വാസത്തിലാണ് സ്‌കൂൾ അധികൃതർ. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ കൊയ്ത്തുത്സവം ഉദ്‌ഘാടനം ചെയ്തു. ചെങ്കൽ കൃഷി ഓഫീസർ വി.എസ്.സത്യൻ, വിദ്യാർത്ഥികൾ, സ്‌കൂൾ അക്കാഡമിക് ഡയറക്ടർ രാധാകൃഷ്ണൻ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.