medicine

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.മെഡിക്കൽ കോളേജുകളിലേക്കും മറ്റ് സർക്കാർ ആശുപത്രികളിലേക്കും അടുത്ത സാമ്പത്തിക വർഷത്തേക്ക് മരുന്നു വാങ്ങാൻ തയ്യാറാക്കിയത് 'തട്ടിക്കൂട്ട് ലിസ്റ്ര്' . ലിസ്റ്റ് സമർപ്പിക്കാനുള്ള അവസാനദിവസം ഇന്നാണ് .മതിയായ സമയമെടുത്ത് ലിസ്റ്ര് തയ്യാറാക്കാത്തതിനാൽ പുറത്തുനിന്ന് മരുന്നു വാങ്ങി കോടികൾ നഷ്ടം വരുത്തുന്ന സ്ഥിതി തുടരും.

ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞ വർഷം മരുന്നു വാങ്ങാൻ അനുവദിച്ചത് 130 കോടി.എന്നാൽ വാങ്ങേണ്ടി വന്നത് 137 കോടിയുടെ മരുന്ന്. പുറത്തു നിന്നു മരുന്നു വാങ്ങുമ്പോൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്ന് വാങ്ങുന്നതിന്റെ അഞ്ചും ആറും ഇരട്ടിയാണ് വില.

ഓരോ സാമ്പത്തിക വർഷത്തേക്കും ആവശ്യമായ മരുന്നിന്റെ ലിസ്റ്രും തുകയും തയ്യാറാക്കുന്നത് ഒക്ടോബറിലാണ്.ചികിത്സാ കേന്ദ്രത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിന്റെയും മരുന്നു വില വർദ്ധനയുടെയും അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്. പ്രധാന ആശുപത്രികളിൽ സ്റ്റോർ സൂപ്രണ്ടുമാരും ചെറിയ ആശുപത്രികളിൽ ഫാർമസിസ്റ്രുമാരുമാണ് ഇത് തയ്യാറാക്കുക.കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് ആരോഗ്യവകുപ്പിന് ആവശ്യമായ മരുന്നുകളുടെ പട്ടിക തയ്യാറാക്കുന്നത്.ഈ പട്ടിക അംഗീകരിച്ച ശേഷമാണ് ആവശ്യമായ മരുന്നുകളും അതിന് വേണ്ട ഫണ്ടും കണക്കാക്കി റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനോടും പൊതുജനാരോഗ്യ വിഭാഗത്തോടും ആരോഗ്യവകുപ്പ് നിർദ്ദേശിക്കാറുള്ളത്. ഓരോ ആശുപത്രികളിലെയും ഓരോ വിഭാഗത്തിനും വേണ്ട മരുന്നുകൾ സബന്ധിച്ച് വിശദമായ കണക്ക് തയ്യാറാക്കും. മിക്കപ്പോഴും 15 ദിവസത്തിൽ കുറവ് സമയം മാത്രമാണ് ഇതിന് കിട്ടാറുള്ളത്. പല ആശുപത്രികളിലും സ്റ്റോർ സൂപ്രണ്ടുമാരുടെയും ഫാർമസിസ്റ്രുമാരുടെയും തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാൽ മറ്റുള്ള ജീവനക്കാരാണ് ഇത് ചെയ്യേണ്ടത്.

ആവശ്യം കൂടുന്നു,

ഫണ്ടില്ല

ഹെൽത്ത് സർവീസിന് കീഴിൽ 1000 ത്തോളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 120 താലൂക്ക് ആശുപത്രികളുമാണുള്ളത്. കഴിഞ്ഞ വർഷം ഇവിടേയ്ക്കുള്ള മരുന്നിന് 360 കോടിയാണ് അനുവദിച്ചത്. ഇക്കുറി അനുവദിച്ചിട്ടുള്ളത് 400 കോടി..

മുഴുവൻ സമയവും ഒ.പി പ്രവർത്തിക്കുന്ന ആർദ്രം പദ്ധതി കഴിഞ്ഞ വർഷം 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ഉണ്ടായിരുന്നത്. ഈ വർഷം 200 ആശുപത്രികളിൽ കൂടി ഇത് നടപ്പാക്കി.സ്വാഭാവികമായും രോഗികളുടെ എണ്ണത്തിലും മരുന്നിന്റെ ഉപയോഗത്തിലും വലിയ വർദ്ധന വരും . പക്ഷെ ഇതിന് ആനുപാതികമല്ല ഫണ്ടിലെ വർദ്ധന.