തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തു വരാനിരിക്കെ, നെഞ്ചിടിപ്പോടെ കാത്തുനിൽക്കുകയാണ് മുന്നണികളും സ്ഥാനാർത്ഥികളും. ഒന്നര വർഷത്തിനു ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും ഒരു വർഷത്തിനപ്പുറമുള്ള തദ്ദേശ തിരഞ്ഞെടുപ്പിനും മുന്നോടിയായുള്ള ഈ ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധി അതുകൊണ്ടുതന്നെ മൂന്നു മുന്നണികൾക്കും നിർണ്ണായകം.
എൻ.എസ്.എസ് ശരിദൂരം പ്രഖ്യാപിക്കുകയും വട്ടിയൂർക്കാവിൽ യു.ഡി.എഫിനായി പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തത്, സാമുദായിക സമവാക്യങ്ങളെ ചൊല്ലിയുള്ള ചർച്ചകളെ സജീവമാക്കിയതു കൊണ്ടുതന്നെ സമീപകാല തിരഞ്ഞെടുപ്പുകളിൽ ഉണ്ടായിട്ടില്ലാത്തത്ര രാഷ്ട്രീയപ്രാധാന്യം ഈ ഉപതിരഞ്ഞെടുപ്പുകൾക്ക് കല്പിക്കപ്പെട്ടിട്ടുണ്ട്. എൻ.എസ്.എസ് നിലപാടിനെ രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും രംഗത്തെത്തി. സഭാ തർക്കങ്ങളുടെ പേരിൽ അവകാശവാദങ്ങളും ആരോപണങ്ങളുമുയർത്തി ഓർത്തഡോക്സ് സഭയും രംഗത്തു വന്നിരുന്നു. സഭയിലെ ഒരു വിഭാഗം വൈദികർ കോന്നിയിൽ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന നിലയുമുണ്ടായി. സാമുദായിക സംഘടനകളുടെ പരസ്യ ഇടപെടൽ വോട്ടെടുപ്പിനെ എത്രകണ്ട് സ്വാധീനിച്ചു എന്നതിലേക്ക് കേരളം ഉറ്റുനോക്കുന്നു.
അഞ്ചിൽ നാലിടത്തും ഉറപ്പായി ജയിക്കുമെന്ന് യു.ഡി.എഫ് പറയുമ്പോൾ മൂന്നിടത്ത് സുനിശ്ചിത ജയമാണ് ഇടതു പ്രതീക്ഷ. കഴിഞ്ഞ തവണ രണ്ടാമതെത്തിയ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ഇക്കുറി ആ സ്ഥിതി നിലനിറുത്താനാകുമോ എന്നത് ബി.ജെ.പിയുടെ നെഞ്ചിടിപ്പുയർത്തുന്നു. ഈ രണ്ട് സീറ്റുകൾക്കൊപ്പം കോന്നിയിൽക്കൂടി അവർ പ്രതീക്ഷ പുലർത്തുന്നു.
വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ ജയം യു.ഡി.എഫിനൊപ്പമായാൽ അത് എൻ.എസ്.എസിനും നേട്ടമാകും. മറിച്ചായാൽ സംഘടനാ നേതൃത്വത്തിന് തിരിച്ചടിയുമാകും. ഈ രണ്ടിടത്ത് തിരിച്ചടിയുണ്ടായാൽ കോൺഗ്രസിനകത്തും അത് കലാപത്തിന് വഴിവയ്ക്കാം. വട്ടിയൂർക്കാവിൽ കെ. മുരളീധരനെതിരെയും കോന്നിയിൽ അടൂർ പ്രകാശിനെതിരെയും ആക്രമണത്തിന്റെ മുനകൾ നീളാം. അരൂരിനു പുറമേ കിട്ടുന്നതെല്ലാം അടുത്ത അങ്കത്തിലേക്ക് പോരാടാനിറങ്ങുന്ന ഇടതു മുന്നണിക്ക് ബോണസ് ആണ്. മറിച്ചായാൽ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള ഷോക്കും! നേട്ടമായാലും കോട്ടമായാലും ബി.ജെ.പിക്കും സമാനമാണ് സ്ഥിതി.