തിരുവനന്തപുരം: പിഴ ഈടാക്കി കേസ് തീർപ്പാക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് കോമ്പൗണ്ടിംഗ് അധികാരം ഉപയോഗിച്ച് മോട്ടോർ വാഹന പിഴത്തുക കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി തമിഴ്‌നാട് സർക്കാരുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതി വിധിയാണ് നിയമ സെക്രട്ടറി സർക്കാരിനെ അറിയിച്ചത്. ഗതാഗത വകുപ്പ് പ്രത്യേക തീരുമാനമെടുക്കേണ്ടതില്ലെന്നും അജൻഡയിൽ ഉൾപ്പെടുത്തി വിഷയം മന്ത്രിസഭ അംഗീകരിക്കാമെന്നുമാണ് തീരുമാനിച്ചത്. 1989ലാണു മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് 100 രൂപ പിഴ ഈടാക്കുന്നത്. അന്നു ഹെൽമെറ്റിനും സീറ്റ് ബെൽറ്റിനും പിഴ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീടുള്ള കോടതി വിധികളുടെ അടിസ്ഥാനത്തിൽ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് രണ്ടും പിഴ പട്ടികയിൽ ഇടം നേടിയത്.