curruption

തിരുവനന്തപുരം: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസ്‌ സംഘത്തിന്റെ പിടിയിലായി. മലപ്പുറം കൊണ്ടോട്ടി ലേബർ ഓഫീസിലെ അസിസ്റ്റന്റ് ലേബർ ഓഫീസർ മഞ്ചേരി അമയൂർ സ്വദേശി കൃഷ്ണനാണ് പിടിയിലായത്. സി.ഐ.ടി.യു അരിക്കോട് ഐ.ടി.ഐ യൂണിറ്റ് ട്രഷറർ അബ്ദുൾ വാഹിദിനും ഒപ്പമുള്ള 14 യൂണിറ്റ് അംഗങ്ങൾക്കും ലേബർ കാർഡ് ലഭിക്കുന്നതിനുവേണ്ടി കൊണ്ടോട്ടി ലേബർ ഓഫീസിൽ അപേക്ഷ സമർപ്പിച്ചപ്പോൾ അസിസ്റ്റന്റ് ലേബർ ഓഫീസർ കൃഷ്ണൻ 15,​000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 5000 രൂപ യൂണിറ്റ് അംഗങ്ങൾ ചേർന്ന് പിരിവെടുത്തു നൽകി. എന്നാൽ 9 പേരുടെ ലേബർ കാർഡുകൾ മാത്രം നൽകിയ കൃഷ്ണൻ ബാക്കി ആറു പേരുടെ കാർഡുകൾ നൽകണമെങ്കിൽ 10,​000 രൂപ കൂടി വേണമെന്ന് ശഠിച്ചു. തുടർന്ന് അബ്ദുൾ വാഹിദ് മലപ്പുറം വിജിലൻസ് യൂണിറ്റിൽ പരാതി നൽകി.
വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അബ്ദുൾ വാഹിദ് ബാക്കി ആറു പേരുടെ സർട്ടിഫിക്കറ്റിന്റെ കാര്യം കൃഷ്ണനെ ഫോണിൽ വിളിച്ച് അന്വേഷിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ബാക്കി തുകയുമായി എത്താൻ ആവശ്യപ്പെട്ടു. വിവരം അബ്ദുൾ വാഹിദ് വിജിലൻസിനെ അറിയിച്ചു. മലപ്പുറം വിജിലൻസ് യൂണിറ്റ് കൈമാറിയ,​ അടയാളപ്പെടുത്തിയ കറൻസി അബ്ദുൾ വാഹിദ്‌ കൊണ്ടോട്ടി ലേബർ ഓഫീസിൽ വച്ച് കൃഷ്ണന് നൽകി. അതിനിടെ ഡിവൈ.എസ്.പി എ. രാമചന്ദ്രന്റെ നേതൃത്വത്തിൽ എത്തിയ വിജിലൻസ് സംഘം കൃഷ്ണനെ കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത കൃഷ്ണനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.